ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.വീടില്ലാത്തവർക്ക് വീടു വെച്ച് കൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതിയടക്കം സർക്കാരിന്റെ വിവിധ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്ന പഞ്ചായത്തിന്റെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത്തരത്തിൽ സൂചിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ തക്കോൽ ദാനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി നിർമ്മല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു. സുമിത്ര, വി.വി സുനിത, പഞ്ചായത്ത് അംഗങ്ങളായ കെ.വി കുഞ്ഞിരാമൻ, മാധവി കൃഷ്ണൻ,എം.വി ജയശ്രീ, ഒ.വി നാരയണൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം. വത്സൻ, പഞ്ചായത്ത് സെക്രട്ടറി ടി.വി പ്രഭാകരൻ, വി.ഇ.ഒ കെ. സരിത സംസാരിച്ചു. കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ജീവസന്ദേശം ടെലി ഫിലിമിന്റെ പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി ശ്രീജ ടെലിഫിലിമിന്റെ സി.ഡി മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

നാരായണപുരം ക്ഷേത്രം കൊടിയേറ്റ ഉത്സവം ഇന്നുമുതൽ

ചെറുവത്തൂർ :പിലിക്കോട് ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രം കൊടിയേറ്റ ഉത്സവം ഇന്നു മുതൽ ഒൻപത് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വിവിധ പൂജാകർമ്മങ്ങൾ.നാളെ രാവിലെ മഹാമൃത്യുഞ്ജയ ഹോമം, വൈകീട്ട് ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ. നാലിന് വൈകീട്ട് ചുറ്റുവിളക്ക് സമർപ്പണത്തിനു ശേഷം കൊടിയേറ്റം. അഞ്ചിന് രാത്രി എട്ടിന് തിടമ്പ് നൃത്തം, 6 ,7 തീയ്യതികളിൽ വിവിധ പൂജകൾ, 8 നു രാത്രി എട്ടിന് ശ്രീഭൂതബലി, പള്ളിവേട്ട, എഴുന്നള്ളത്ത്. സമാപന ദിവസമായ 9 നു രാവിലെ പ്രതിഷ്ഠ. രാത്രി എട്ടിന് നടക്കുന്ന ആറാട്ടുബലിക്ക് ശേഷം അന്നദാനം. തന്ത്രി തരണനെല്ലൂർ തെക്കിനേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രം പ്രസിഡന്റ് വി. നാരായണൻ, ടി.പി നാരായണൻ, സി. ജയരാജൻ, പി.സി ശാന്ത, ടി. ബാലൻ, പി.ടി ആദർശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സെവൻസ് ഫുട്ബാൾ

തൃക്കരിപ്പൂർ: ജെ.സി.ഐ തൃക്കരിപ്പൂർ ടൗണും സെവൻസ്റ്റാർ ഇളമ്പച്ചിയും സംയുക്തമായി ഈവനിംഗ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ആദ്യവാരത്തിൽ ഇളമ്പച്ചി സ്‌കൂൾ ഗ്രൗണ്ടിൽനടക്കുന്ന മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ബന്ധപ്പെടുക. ഫോൺ: 9496355287, 8075973473.