തൃക്കരിപ്പൂർ: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവുമായി വലിയപറമ്പ പാണ്ഡ്യാല പോർട്ടിൽ ജനകീയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് തുടക്കം. ഇതോടെ മൂന്നുമാസം നീളുന്ന വിനോദ സഞ്ചാര ഉത്സവത്തിനും തുടക്കമായി. വ്യത്യസ്തങ്ങളായ വിനോദോപാധികളാണ് അറബിക്കടലിന്റെയും കവ്വായി കായലിന്റെയും ഇടയിലെ ഈ തുരുത്തിൽ ഒരുക്കിയിട്ടുള്ളത്. വലിയപറമ്പ് പഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന തൃക്കരിപ്പൂർ കടപ്പുറം പ്രദേശത്തെ 122 കുടുംബങ്ങളുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷനിൽ റജിസ്​റ്റർ ചെയ്താണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

പാണ്ഡ്യാല പോർട്ട് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ ടൂറിസം ഉത്സവം ഉദ്ഘാടനം ചെയ്തു. തീരദേശ ഹൈവേ പ്രായോഗിക ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും ആദ്യഘട്ടത്തിൽ തന്നെ പാണ്ഡ്യാലക്കടവിൽ പാലമെന്നത് യാഥാർഥ്യമാവുമെന്നും എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി. പ്രസന്ന, കെ. ഭാസ്‌കരൻ, കെ.പി. ബാലൻ, കെ. മനോഹരൻ, ടി.കെ.പി. മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കായലിൽ കയാക്കിംഗ്, നീന്തൽ എന്നിവയും കടലോരത്ത് കുതിരസവാരിയും കുക്കറി ഷോയും നടന്നു. മേയ് 31 വരെ ഞായറാഴ്ചകളിലും മ​റ്റു പൊതു അവധി ദിവസങ്ങളിലും രാവിലെ മുതൽ രാത്രി എട്ടുവരെ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ദേശീയ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: ഭാരത സർക്കാർ സ്ഥാപനമായ നെഹ്റു യുവകേന്ദ്രയുടെയും യൂത്ത് വെൽഫെയർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. തൃക്കരിപ്പൂർ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ വി.കെ ബാവ ഉദ്ഘാടനവും വാർഡ് മെമ്പർ കെ.പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു.

പ്രദീപ് കൊടക്കാട്, നെഹ്റു യുവകേന്ദ്ര ജില്ലാ പ്രോഗ്രാം കോർഡിനേ​റ്റർ ഷാഫി സലീം, തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈബ, കെ.എം.സി താജുദ്ദീൻ പടന്ന,ധന്യ , ശ്രീലക്ഷ്മി അശോക് എന്നിവർ സംസാരിച്ചു.

ജില്ലയിലെ ആദ്യത്തെ മാവേലി സൂപ്പർ സ്​റ്റോർ
കാലിച്ചാനടുക്കത്ത് ആരംഭിച്ചു

കാസർകോട്: ജില്ലയിലെ ആദ്യത്തെ മാവേലി സൂപ്പർ സ്​റ്റോർ കോടോംബേളൂർ ഗ്രാമ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് മന്ത്റി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. പതിനാറോളം ഇനങ്ങൾ സബ്സിഡി നിരക്കിലും മ​റ്റ് സാധനങ്ങൾ 3 മുതൽ 5 ശതമാനം വരെ വിലക്കുറവിലും ലഭിക്കുന്ന മാവേലി സ്​റ്റോർ പൊതുജനങ്ങൾക്ക് വലിയ അളവിൽ ആശ്വാസം നൽകുമെന്ന് മന്ത്റി പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ ആദ്യ വിൽപ്പന നടത്തി. സപ്ലൈകോ റീജ്യണൽ മാനേജർ എൻ. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി തങ്കമണി, ഗ്രാമ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺമാരായ കെ. ഭൂപേഷ്, പി.വി ഉഷ, പഞ്ചായത്ത് അംഗങ്ങളായ എം. അനീഷ്‌കുമാർ, എം. മുസ്തഫ, എം. പുഷ്പ, കെ. ലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.