തലയിൽ മുണ്ടിട്ട് ചെയ്യുന്ന പണിയൊക്കെ വളരെ മോശപ്പെട്ടതാണെന്നാണ് നമ്മുടെ നാട്ടിൽ പൊതുവിലുള്ള വിശ്വാസം. എന്നാൽ തലയിൽ മുണ്ടിട്ട് ഭക്ഷണം കഴിക്കുന്നവരെ കാണാൻ അങ്ങ് ഫ്രാൻസിൽ ചെല്ലണം. എല്ലാ ഭക്ഷണവും കഴിക്കുന്നത് ഇങ്ങനെയല്ല, ബേക്ക്ഡ് ഓർട്ടോലാൻ എന്ന വിഭവമാണ് തല മറച്ചുപിടിച്ച് കഴിക്കേണ്ടത്.
ഈ വിഭവം ഉണ്ടാക്കുന്ന കഥ കേട്ടാലും നമ്മൾ ചെലപ്പോൾ ഞെട്ടും. ചെറുതും മനോഹരവുമായ ഒരു പക്ഷിയാണ് ഓർട്ടോലാൻ. കെണിവച്ച് പിടിച്ച കിളിയെ ആദ്യം ഇരുണ്ട കൂട്ടിൽ അടച്ചിടും. ഇവയ്ക്ക് കഴിക്കാൻ ധാന്യങ്ങളും നല്കും. പക്ഷികളുടെ കണ്ണ് ചൂഴ്ന്നെടുത്ത് കാഴ്ച മറയ്ക്കുന്ന രീതിയും ഉണ്ടായിരുന്നുവത്രെ. പകലും രാത്രിയും മനസിലാക്കാതെ തീറ്റിച്ച് കിളികളുടെ വലുപ്പം കൂട്ടുകയാണ് ഉദ്ദേശ്യം. വലിപ്പം കൂടിയെന്ന് ഉറപ്പായാൽ പുറത്തെടുത്ത് മദ്യത്തിൽ മുക്കി വയ്ക്കും. കുറേനേരം കഴിഞ്ഞ് പുറത്തെടുത്ത് തൂവലുകളെല്ലാം നീക്കിയ ശേഷം മാവിൽ മുക്കി എട്ട് മിനിറ്റ് ബേക്ക് ചെയ്യും. വിഭവം തീൻമേശയിലെത്തിയാലോ, കഴിക്കുന്നവർ മുഖം മുഴുവൻ ഒരു തുണികൊണ്ട് മൂടണം. എന്നിട്ട് എല്ലും ആന്തരിക അവയവങ്ങളും ഉൾപ്പടെ കടിച്ചു മുറിച്ചു അകത്താക്കണം. തുണി വച്ച് മറയ്ക്കുന്നത് മൂന്ന് കാര്യങ്ങൾക്കാണ്. ഒന്ന്, ഇറച്ചിയുടെ മണം അതുപോലെ മൂക്കിലേക്ക് കയറാൻ. രണ്ട്, എല്ലുകൾ കടിച്ചു തിന്നുമ്പോൾ മറ്റുള്ളവരുടെ പാത്രത്തിലേക്ക് തെറിക്കാതിരിക്കാൻ. മൂന്ന്, ഈ രീതിയിൽ പക്ഷിയെ അകത്താക്കുന്നതിന്റെ ജാള്യത മറ്റുള്ളവർ കാണാതിരിക്കാൻ....