crime-branch-

കാസർകോട്: പെരിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തലവൻ വി.എം. മുഹമ്മദ് റഫീഖിനെ നീക്കി. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെയും ശരത്തിന്റെ അച്ഛൻ സത്യനാരായണയുടെയും മൊഴി എടുത്തതോടെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങാൻ ഇടയായതാണ് സ്ഥാനചലനത്തിന് കാരണമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ആരോഗ്യ പ്രശ്നമാണ് കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം. റഫീഖിന് പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിനെ നിയോഗിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം അദ്ദേഹം ചുമതല ഏറ്റെടുത്തേക്കും.

എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് എസ്.പി മടങ്ങിയത്. കോട്ടയത്ത് കെവിൻ കൊലക്കേസ് അന്വേഷിക്കുന്നതിനിടെയാണ് മുഹമ്മദ് റഫീഖിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചത്. അന്ന് മാറ്റിയതും പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

മുഖ്യപ്രതി എ. പീതാംബരൻ, ഡ്രൈവർ സജി ജോർജ് എന്നിവരെ ചോദ്യംചെയ്യാനായി കാസർകോട് ജെ.എഫ്.സി.എം കോടതിയിൽ നിന്ന് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരിൽ നിന്ന് സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ. പ്രതികളെ എസ്.പി ചോദ്യം ചെയ്യുന്നതായി അറിയിച്ചിരുന്നെങ്കിലും അദ്ദേഹം കാസർകോട് ഉണ്ടായിരുന്നില്ല. ഡിവൈ.എസ്.പി പ്രദീപിനെ ചുമതലപ്പെടുത്തി എസ്.പി. നാട്ടിലേക്ക് പോവുകയായിരുന്നു.

കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതികളെ സഹായിച്ചവരെയും പ്രതിചേർക്കേണ്ടി വരുന്നത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കും. അന്വേഷണത്തിൽ വീഴ്ച വരികയും കേസ് സി.ബി.ഐയ്ക്ക് വീടുകയും ചെയ്താൽ എസ്.പിക്ക് കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും. ഇതാണ് മാറ്റിയതിന് കാരണമെന്നും വാദമുണ്ട്.

അന്വേഷണം ഇനി എങ്ങനെ വേണമെന്ന് പുതിയ എസ്.പി എത്തിയ ശേഷം തീരുമാനിക്കും. കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

രണ്ട് സി.ഐമാരെ ഉൾപ്പെടുത്തി

കേസ് അനേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിൽ രണ്ട് സി.ഐമാരെ ഉൾപ്പെടുത്തി . കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവിന് കേസിന്റെ മേൽനോട്ടച്ചുമതല നൽകിക്കൊണ്ടുള്ള ഡി ജി പിയുടെ ഉത്തരവിലാണ് കോട്ടയം സി.ഐ. രാജപ്പൻ, പയ്യോളി സി .ഐ. പി. നാരായണൻ എന്നിവരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.

കൊല നടന്ന പ്രദേശത്തെ കുറിച്ച് അറിവുള്ള ബേക്കൽ എസ് .എച്ച് .ഒ ആയി മുമ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥനെന്ന പരിഗണനയിലാണ് സി.ഐ പി. നാരായണനെ സംഘത്തിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ നീലേശ്വരത്ത് നിന്ന് പയ്യോളിയിലേക്ക് മാറ്റിയത്.