കണ്ണൂർ : സമഗ്ര ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി നടത്തിയ ചികിത്സയ്ക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ഇൻഷ്വറൻസ് കമ്പനികൾ നൽകാനുള്ള കുടിശിക 160 കോടി രൂപ. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. തുക മുടങ്ങിയതോടെ ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാനാവാത്ത അവസ്ഥയാണ്.
മെഡിക്കൽ സെയിൽസ് കോർപറേഷൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ക്ഷാമമില്ലെങ്കിലും പുറത്തുനിന്ന് വാങ്ങുന്ന ഹൃദയ വാൽവ്, സ്റ്റെന്റ് തുടങ്ങിയവയ്ക്ക് ആശുപത്രികൾക്ക് പണമില്ലാതായി. തലശേരി മലബാർ കാൻസർ സെന്ററിൽ അവിടെ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് അത്യാവശ്യ മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങുന്നത്.
സാധാരണക്കാർക്ക് ചികിത്സാ സഹായമെത്തിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന പ്രകാരമാണ് കൂടുതൽ തുക കിട്ടാനുള്ളത്. സർക്കാരിന്റെ തന്നെ കാരുണ്യം, സുകൃതം, ഹൃദ്യം പദ്ധതികളിലും കുടിശികയുണ്ട്. 2008ലാണ് സ്വാസ്ഥ്യ ബീമാ യോജന പദ്ധതി തുടങ്ങിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയുടെ ഇൻഷ്വറർ റിലയൻസ് കമ്പനിയാണ്. 36 ലക്ഷം പേർ അംഗങ്ങളായ പദ്ധതിയിൽ 11 വർഷത്തിനിടെ 2100 കോടി രൂപ കൈമാറിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അംഗങ്ങളെ ചേർക്കുന്നത് സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിനു കീഴിൽ രൂപീകരിച്ച ചിയാക് എന്ന നോഡൽ ഏജൻസിയാണ്.
ഇൻഷ്വറൻസ് കുടിശിക
കിട്ടാനുള്ള ആശുപത്രികൾ
തലശ്ശേരി മലബാർ കാൻസർ സെന്റർ: 30 കോടി
കോഴിക്കോട് മെഡിക്കൽ കോളേജ്: 24 കോടി
തിരു. മെഡിക്കൽ കോളേജ്: 18 കോടി
തൃശൂർ മെഡിക്കൽ കോളേജ് : 10കോടി
കോട്ടയം മെഡിക്കൽ കോളേജ് : 4 കോടി
ആലപ്പുഴ മെഡിക്കൽ കോളേജ്: 4 കോടി
ജില്ലാ, താലൂക്ക് ആശുപത്രികൾ: 70 കോടി
ഇൻഷ്വറൻസ് കമ്പനികളുടെ കുടിശിക വൻതോതിൽ വർദ്ധിക്കുന്നത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. നോഡൽ ഏജൻസികൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല. ഇതു കാരണം നിർദ്ധനരായ രോഗികൾക്ക് അർഹതപ്പെട്ട ആനുകൂല്യം കിട്ടാതെ വരും
- ഡോ. എസ്. എസ്. സന്തോഷ്‌കുമാർ
ഡെപ്യൂട്ടി സൂപ്രണ്ട്, തിരു. മെഡിക്കൽ കോളേജ്