കണ്ണൂർ: പട്ടിക വർഗവിഭാഗത്തിൽ നിന്നും അന്യംനിന്നുപോകുന്ന തനത് ആയോധന കലയായ അമ്പെയ്ത്ത് നിലനിർത്തുന്നതിനും പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നതിനും കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല അമ്പെയ്ത്ത് മത്സരം മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 133 പട്ടികവർഗ്ഗ യുവതീയുവാക്കളാണ് പങ്കെടുത്തത്. 10 മുതൽ 17 വയസ് വരെയുള്ള ജൂണിയർ വിഭാഗത്തിൽ 60 പേരും 18 മുതൽ 40 വയസ്സ് വരെയുള്ള സീനിയർ വിഭാഗത്തിൽ 73 പേരും പങ്കെടുത്തു. മത്സരം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ സാഹസിക അക്കാഡമി സ്‌പെഷൽ ഓഫീസർ പി. പ്രണിത അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയബാലൻ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം. സുർജിത്ത്, വി. ഷഗിൽ, ജോബി രാഘവൻ എന്നിവർ പ്രസംഗിച്ചു.