നീലേശ്വരം: ഇടത്തോട് റോഡിൽ കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ യാത്ര ദുഷ്‌കരം. ഇവിടെ നിന്ന് ഇടത്തോട് റോഡ് മെക്കാഡം ടാറിംഗിന് ടെൻഡർ നടപടി പൂർത്തിയായി പ്രവർത്തനോദ്ഘാടനവും നടന്നു കഴിഞ്ഞു. എന്നാൽ കോൺവെന്റ് വളവ് മുതൽ റോഡിന് വീതി കൂട്ടേണ്ടതുണ്ട്.

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സ്ഥലം എം.എൽ.എ എം.രാജഗോപാലൻ, നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ എന്നിവരുടെ നേതൃത്യത്തിൽ സ്ഥലം വിട്ടുകൊടുത്തവരുമായി ആദ്യ ചർച്ചയും നടന്നിരുന്നു. പിന്നീടുള്ള പ്രവർത്തനങ്ങൾ ഒന്നും നടക്കുകയുണ്ടായില്ല. പേരോൽ ആരാധന ഓഡിറ്റോറിയം റോഡ് വീതി കൂട്ടിയാൽ ഈ റോഡ് ബൈപാസ് റോഡായി ഉപയോഗിക്കാനും കഴിയും.

പണി നടന്നു കൊണ്ടിരിക്കുന്ന പാലായി ഷട്ടർ കം ബ്രിഡ്ജും ഇ.എം.എസ്.സ്റ്റേഡിയവും യാഥാർത്ഥ്യമായാൽ ഇതുവഴിയുള്ള ഗതാഗതം പതിന്മടങ്ങ് വർദ്ധിക്കും. ഇതുകൂടാതെ പട്ടേന ബ്ലോക്ക് ഓഫീസ് റോഡ് നവീകരിച്ചാൽ ഒരു പരിധി വരെ പേരോൽ റോഡിൽ കൂടിയുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ സാധിക്കും.കോൺവെന്റ് വളവ് കഴിഞ്ഞാൽ ആരാധന ഓഡിറ്റോറിയത്തിൽ പോകുന്ന വളവിൽ അപകടം നിത്യസംഭവമാണ്. ഇതിനെല്ലാം പരിഹാരം എന്ന നിലയിൽ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്ത ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രോഗികൾക്കായി കാത്തിരിപ്പുകേന്ദ്രം
നീലേശ്വരം: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ലാബോറട്ടറിക്ക് അടുത്തായി ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ കാത്തിരിപ്പുകേന്ദ്രം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ തുറന്നുകൊടുത്തു. ക്ലബ് പ്രസിഡന്റ് ശാന്താ ഭാർഗ്ഗവൻ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗണേഷ് കണിയാറക്കൽ മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, ലയൺ സത്യപാൽ, ലയൺ രാജീവൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ഡോ. ജമാൽ അഹമ്മദ് സ്വാഗതവും ഡോ. വി. സുരേഷൻ നന്ദിയും പറഞ്ഞു.