കാസർകോട്: ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും കോൺഗ്രസും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് പെരിയ ഇരട്ടക്കൊലക്കേസിനെ ക്രൈംബ്രാഞ്ച് സമീപിക്കുന്നത് ഏറെ കരുതലോടെ.അന്വേഷണത്തിലെ പഴുതുകൾ കണ്ടെത്താൻ കോൺഗ്രസ് പ്രത്യേക നിയമവിദഗ്ദരെ നിയോഗിച്ചതിനാൽ നടപടികൾ കൃത്യമാക്കിയാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസും സി ബി ഐ അന്വേഷണത്തിന് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. നിയമവിദഗ്ധരായ അഡ്വ. ടി ആരിഫലി, അഡ്വ.സി കെ ശ്രീധരൻ എന്നിവരെ മുൻനിർത്തിയാണ് വാദിഭാഗത്തിന്റെ നീക്കം. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരും സഹായിച്ചവരുമായ കൂടുതൽ പ്രതികളെ തെളിവുണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തതാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കുഴക്കുന്നത്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ കേസിന്റെ അന്വേഷണം കോടതിയിൽ ചോദ്യം ചെയ്താൽ സി ബി ഐക്ക് വിടുമെന്ന് ഉറപ്പാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോൾ എത്തിനിൽക്കുന്നത്.
കൊലക്കേസ് കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിലെ ഡിവൈ.എസ്. പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തില്ലെങ്കിൽ അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയിരുന്നത്രെ. അറസ്റ്റിലായ സി പി എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ പീതാംബരൻ, സജി ജോർജ് എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് പേരെ പ്രതിപട്ടികയിലുൾപ്പെടുത്തിയിട്ടുള്ളത്.പെരിയ കല്ല്യോട്ട് പ്രദേശത്തെ ഒരു സി. ഐ .ടി .യു പ്രവർത്തകൻ, രണ്ടു സി .പി. എം പ്രവർത്തകർ എന്നിവരാണ് ഈ മൂന്നുപേർ.കൊലപാതകം നടത്തിയ സംഘത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സി .ഐ. ടി .യു പ്രവർത്തകൻ, മറ്റു രണ്ടു പേര് ഒളിഞ്ഞു നിന്ന് കൃത്യം നടത്താൻ കൊലയാളി സംഘത്തെ സഹായിച്ചവരാണ്. ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയ കേസ് ഡയറിയിൽ വളരെ കൃത്യമായി ഈ പ്രതികളുടെ പേരുകൾ ഉള്ളതിനാൽ അവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാതെ അന്വേഷണ സംഘത്തിന് മറ്റു പ്രതികളിലേക്ക് എത്താൻ കഴിയില്ല.
പീതാംബരൻ അടക്കം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതോടെ ഈ മൂന്ന് പേരെയും ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകാത്തതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവേദന. പ്രതികൾ നൽകിയ മൊഴി പ്രകാരം കേസിൽ ഉൾപ്പെടുന്ന പിടികിട്ടാനുള്ള മൂന്ന് പ്രധാനികളെ ചോദ്യം ചെയ്തു മൊഴിയെടുക്കുന്നതോടെ അന്വേഷണത്തിന്റെ ദിശ മാറുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ അന്വേഷണം പ്രതിസന്ധിയിലുമാകും.
എസ്.പി സാബുമാത്യു കല്യോട്ട് സന്ദർശിച്ചു
കാസർകോട് : ഇതിനിടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പുതുതായി നിയമിതനായ കോട്ടയം ക്രൈംബ്രാഞ്ച് എസ് .പി കെ. എം. സാബു മാത്യു കാസർകോട് എത്തി ചുമതലയേറ്റു. അദ്ദേഹം കേസ് ഡയറി പഠിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം എസ് .പിയും സംഘവും ഞായറാഴ്ച കല്ല്യോട്ട് സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകളിലും അദ്ദേഹമെത്തി. പ്രദേശത്തെ കൂടുതൽ പേരിൽ നിന്നും എസ് പി സാബു മാത്യു മൊഴിയെടുത്തിട്ടുണ്ട്. ഡിവൈ.എസ് .പി പ്രദീപും കൂടെയുണ്ടായിരുന്നു. പെരിയ കൊലക്കേസ് അന്വേഷണ സംഘത്തെ മുഴുവൻ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഴിച്ചു പണിതിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി വി .എം. മുഹമ്മദ് റഫീഖിന് പകരമാണ് സാബു മാത്യുവിനെ നിയോഗിച്ചത്. ഡി വൈ.എസ.പി, സി.ഐമാർ എന്നിവരെ മാറ്റി പകരം പുതിയ സി. ഐ മാരെ ഉൾപ്പെടുത്തുകയുണ്ടായി. പുതിയ ടീമിന്റെ നേതൃത്വത്തിലാണ് തുടർ അന്വേഷണം നടക്കുന്നത്.