കാസർകോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കേരളം കല്യോട്ടേക്ക് എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിതാ മഹാസംഗമം നാളെ കല്യോട്ട് നടക്കുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരട്ടക്കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പിയെ സ്ഥലം മാറ്റിയ സംഭവത്തോടെ കേസ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമമെന്ന് വ്യക്തമായി കഴിഞ്ഞു. മുഖ്യമന്ത്രിയെ വിമർശിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാൽ വിവാദമാക്കുകയും ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്യുന്ന സമയത്താണ് കൊലവിളി പ്രസംഗം നടത്തിയതിന്റെ പേരിൽ ഒന്നും ചെയ്യാതിരിക്കുന്നത്. ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാണ് മഹിളാ കോൺഗ്രസിന്റെയും ആവശ്യം.
വനിതാ സംഗമത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ കൊല്ലപ്പെട്ടവരുടെ അമ്മമാരും സഹോദരിമാരും ബന്ധുക്കളും സംബന്ധിക്കും. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും പരിപാടിക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജോളി കെ. ജോർജ്, പി. ശ്രീകല, തെരേസ ഫ്രാൻസിസ് എന്നിവരും സംബന്ധിച്ചു.
രാഹുൽ 12ന് കല്യോട്ട്
കാസർകോട്: കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ 12 നു എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
അതേസമയം കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ആവശ്യം ശക്തമാക്കി ഏഴിന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.