പയ്യന്നൂർ:ഓർമ്മകളിൽ നിറയുന്ന മൊന്തനാരിയച്ചന്റെ ദീപ്തസ്മരണകളുമായി വിവിധ പ്രദേശങ്ങളിലെ കുടിയേറ്റ കർഷകർ ഏഴിമലയിൽ ഒത്തുചേർന്നു.ഇറ്റാലിയൻ മിഷനറിയായ ഫാ.ജെയിംസ് മൊന്തനാരിയുടെ നാൽപത്തിയഞ്ചാം ചരമ വാർഷികാചരണത്തോടനുബന്ധിച്ചാണ് ഏഴിമലയിലെ മൊന്തനാരി സമാധിയിൽ അവർ ഒത്തുചേർന്നത്.
കുടിയേറ്റ കർഷകർ നെഞ്ചേറ്റിയ മഹാമിഷനറിയായിരുന്നു മൊന്തനാരിയച്ചനെന്ന് പ്രമുഖ വചന പ്രഘോഷകൻ ഫാ.ജിയോ പുളിക്കൽ അഭിപ്രായപ്പെട്ടു.മറ്റുള്ളവർക്ക് മുമ്പിൽ ഒരു പ്രകാശ ഗോപുരമായി മാറാൻ നമുക്ക് കഴിയണമെന്നും വരും തലമുറകൾക്കായി ഒരു മൺചിരാതെങ്കിലും കത്തിച്ച് വെക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.മൊന്തനാരിയച്ചൻ നിർമ്മിച്ച മാതാവിന്റെ ഗ്രോട്ടോയിൽ നടത്തിയ ദിവ്യബലിക്ക് കണ്ണൂർ രൂപത പ്രൊക്യുറേറ്റർ ഫാ.ജോർജ് പൈനാടത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.
കാടിനോടും കല്ലിനോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും പടപൊരുതി ജീവിച്ചിരുന്ന ആദ്യകാല കുടിയേറ്റ കർഷകർക്ക് തുണയായത് മൊന്തനാരിയച്ചനായിരുന്നു.ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി ത്യാഗസമർപ്പണത്തോടെ സേവനം ചെയ്ത മൊന്തനാരിയച്ചന് സ്മരണാഞ്ജലിയർപ്പിക്കാനാണ് കിഴക്കൻ മലയോര മേഖലയിൽ നിന്നും ആദ്യകാല കുടിയേറ്റ കർഷകരും അവരുടെ പിൻതലമുറയും ഏഴിമലയിൽ എത്തിയത്.നാവിക അക്കാദമിക്കായി മൂന്നര പതിറ്റാണ്ട് മുമ്പ്്് കുടിയൊഴിപ്പിക്കപ്പെട്ട് വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന ഏഴിമലയിലെ ആദ്യകാല ഇടവകക്കാരും സ്മരണാഞ്ജലിയർപ്പിക്കാനെത്തി.തുടർന്ന് സ്‌നേഹവിരുന്നും നടന്നു.