മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംഘടിപ്പിക്കുന്ന 'അതിജീവനം' ത്രിദിന ഡോക്യുമെന്ററി ഫെസ്റ്റ് സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അദ്ധ്യക്ഷനായി. എം ജിജേഷ് സ്വാഗതവും കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
എം വേണുകുമാറിന്റെ 'പ്രളയശേഷം ഹൃദയപക്ഷം' ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് ടി രാജീവ് നാഥിന്റെ 'പി. പത്മരാജൻ മലയാളത്തിന്റെ ഗന്ധർവൻ', പ്രിയനന്ദനന്റെ 'വൈലോപ്പിളളി ഒരു കാവ്യജീവിതം' എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.ഇന്ന് വൈകിട്ട് അഞ്ചിന് എം ജി ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്', പി ബാലചന്ദ്രൻ ഒരുക്കിയ 'വി സാംബശിവൻ കഥാകഥനത്തിന്റെ രാജശിൽപി', കെ ജി ജോർജിന്റെ 'വള്ളത്തോൾ മഹാകവി' എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനവും ഓപ്പൺ ഫോറവും നടക്കും.
സമാപനദിനമായ നാളെ വൈകിട്ട് ആറിന് കടമ്മനിട്ടയുടെ ജീവിതം പ്രമേയമായി ജയരാജ് ഒരുക്കിയ 'കടമ്മൻ പ്രകൃതിയുടെ പടയണിക്കാരൻ', ടി വി ചന്ദ്രൻ സംവിധാനം ചെയ്ത 'രാമുകാര്യാട്ട്‌സിനിമയും സ്വപ്നവും', വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത 'പ്രേം നസീർ ദേവനായകൻ' എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഓപ്പൺ ഫോറവും ഉണ്ടാകും.

ഗ്രന്ഥലോകം വാർഷികം മാദ്ധ്യമസെമിനാർ

കണ്ണൂർ: ഗ്രന്ഥാലോകത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മാധ്യമസെമിനാർ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനോഹരൻ മോറായി മോഡറേറ്ററായി . പത്ര പ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി സി നാരായണൻ, ദിനകരൻ കൊമ്പിലാത്ത്, പിവി കുട്ടൻ, ജോജി സൈമൺ, നാരായണൻ കാവമ്പായി എന്നിവർസംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി .കെ. ബൈജു സ്വാഗതവും എം. ബാലൻ നന്ദിയും പറഞ്ഞു.