കണ്ണൂർ: ഫേസ്ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് സൗഹൃദമുണ്ടാക്കി യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ. കയ്യൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട ആറംഗ സംഘത്തിലെ ചാലാട് സ്വദേശി സാധു അഷറഫ്, ജിതിൻ തയ്യിൽ എന്നിവരെയാണ് ഇന്നലെ പുലർച്ചെയോടെ കണ്ണൂർ ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലും സംഘവും നാടകീയമായി പിടികൂടിയത്.
ഒരു യുവാവുമായി ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച സംഘം കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് എത്തിയ ഇരുവരെയും ബലം പ്രയോഗിച്ച് കാറിൽ കയറ്റിയ സംഘം പയ്യാമ്പലം ബീച്ച്, തളിപ്പറമ്പ്, ധർമ്മശാല, കുറ്റിക്കോൽ, ബക്കളം എന്നിവിടങ്ങളിലെല്ലാം എത്തിച്ചു. പണം തന്നില്ലെങ്കിൽ കടലിൽ മുക്കി കൊല്ലുമെന്നും അല്ലെങ്കിൽ പെൺ കേസിൽ പെടുത്തി നാണം കെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇതേ തുടർന്ന് യുവാക്കൾ ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇടപെട്ടത്. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനം കൊണ്ട് ഇടിച്ച് രക്ഷപ്പെടാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പങ്കാളികളാണ് പ്രതികൾ. തളിപ്പറമ്പ് മേഖലയിലും നേരത്തെ സമാനമായ ഹണിട്രാപ്പ് തട്ടിപ്പുകൾ നടന്നിരുന്നു. ഇവർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.