കണ്ണൂർ: കെ.യു.ആർ.ടി.സി ലോഫ്ളോർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് വീൽചെയർ വയ്‌ക്കാനുള്ള സൗകര്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനൽകി. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ നൽകിയ നിവേദനത്തെ തുടർന്നാണിത്. ലോ ഫ്ളോർ ബസുകളിൽ സീറ്റുകൾ ക്രമീകരിച്ചപ്പോൾ ഭിന്നശേഷിക്കാർക്കുള്ള സൗകര്യം നഷ്‌ടപ്പെട്ടതിനെക്കുറിച്ച് ഡിസംബർ 20ന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഭിന്നശേഷിക്കാർക്ക് സുഖസഞ്ചാരം സാദ്ധ്യമായിരുന്ന ലോഫ്ളോർ ബസുകളിൽ വീൽചെയർ വയ്‌ക്കാനുള്ള സ്ഥലത്ത് സീറ്റുകൾ സ്ഥാപിച്ചാണ് കെ.യു.ആർ.ടി.സി ക്രൂരത കാട്ടിയത്. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ജൻറം ബസുകളിൽ വീൽചെയർ വയ്ക്കാനുള്ള സൗകര്യത്തോടെയാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഭിന്നശേഷിക്കാർക്ക് കയറാൻ റാമ്പും വീൽചെയർ ലോക്ക് ചെയ്‌തുവയ്ക്കാൻ സൗകര്യവുമുണ്ടായിരുന്നു. എന്നാൽ, കെ.യു.ആർ.ടി.സി അടുത്തിടെ പരിഷ്കരണം നടപ്പാക്കിയതോടെ ഭിന്നശേഷിക്കാർക്ക് വീൽചെയർ ഇടനാഴിയിലും മറ്റും വയ്ക്കേണ്ടി വന്നു. ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. വീൽചെയർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച സംഭവവും മലപ്പുറത്തുണ്ടായി. വീൽചെയർ വയ്‌ക്കാനുള്ള സൗകര്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ തീരുമാനത്തെ ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി സ്വാഗതം ചെയ്‌തു.