kannur

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും അടവുകളെല്ലാം പയറ്റാനൊരുങ്ങുമ്പോൾ ഇരുപക്ഷത്തെയും നയിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോർക്കുതിരകൾ തന്നെയാകും ഇക്കുറിയും രംഗത്ത് എത്തുക. സിറ്റിംഗ് എം.പി പി.കെ.ശ്രീമതി തന്നെയാവും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ കെ.സുധാകരന്റെ പേര് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

എൽ.ഡി.എഫ്, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള കൂറ്റൻ ബോർഡുകൾ പലയിടത്തും ഉയർന്നിട്ടുണ്ട്. 'ഉണരുന്ന കണ്ണൂർ' എന്ന വാചകത്തോടെയുള്ളതാണ് ബോർഡുകൾ. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പി.കെ ശ്രീമതിയുടെ ചിത്രവും നല്കിയിട്ടുണ്ട്. എം.പി എന്ന നിലയിൽ പി.കെ ശ്രീമതി നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ജനങ്ങളെ ആകർഷിച്ചിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. രാഷ്ട്രീയത്തിനതീതമായ പിന്തുണ ശ്രീമതിക്ക് ഓരോ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. കഴിഞ്ഞതവണ 6,566 വോട്ടുകൾക്ക് വിജയിച്ച ശ്രീമതിക്ക് ഇക്കുറി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്.

2014ൽ പി.കെ. ശ്രീമതി മത്സരത്തിന് ഇറങ്ങുമ്പോൾ കണ്ണൂർ നിയമസഭാ മണ്ഡലവും നഗരസഭയുമെല്ലാം യു.ഡി.എഫിന്റെ കുത്തകയായിരുന്നുവെങ്കിൽ ഇക്കുറി സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കണ്ണൂർ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ കോർപ്പറേഷനിലും നിയമസഭാ മണ്ഡലത്തിലും എൽ.ഡി.എഫിന് വിജയക്കൊടി നാട്ടാനായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ഇ.പി ജയരാജന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും മണ്ഡലങ്ങൾ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമ്മടം, മന്ത്രി ഇ.പി. ജയരാജന്റെ മട്ടന്നൂർ, ജയിംസ് മാത്യു വിജയിച്ച തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 40,000ത്തിനടുത്തോ മുകളിലോ ആണ്. ഇതാണ് എൽ.ഡി.എഫിന് ഏറെ പ്രതീക്ഷ നല്കുന്നത്.

അതേസമയം, കഴിഞ്ഞതവണ കൈയിൽ നിന്ന് വഴുതിപ്പോയ കണ്ണൂർ തിരിച്ചുപിടിക്കാൻ കരുത്തനായ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും യു.ഡി.എഫും. കോൺഗ്രസ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ നേരിട്ടുകൊണ്ടിരിക്കുന്ന തുടർച്ചയായ തോൽവിക്ക് മറുപടി നല്കുക കൂടിയാണ് ലക്ഷ്യം. ഇതിന് ജില്ലയിൽ അനുയോജ്യമായ ഒരേയൊരു പേരെ പാർട്ടി കാണുന്നുള്ളൂ. കെ.സുധാകരൻ സ്ഥാനാർത്ഥിയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ സൂചന നൽകിയിരുന്നു. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ വികാരവും കൊലപാതക രാഷ്ട്രീയവും ശബരിമല വിഷയവുമെല്ലാം മണ്ഡലത്തിൽ അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6,566 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുമ്പോൾ അപരന്മാരായ രണ്ട് സുധാകരന്മാരും യഥാക്രമം 4240, 2745 വോട്ടുകൾ നേടിയിരുന്നു. കണ്ണൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നിവ മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. ഇതിൽ ഇരിക്കൂർ ഒഴികെ രണ്ടിടത്തും യു.ഡി.എഫ് കഷ്ടിച്ച് കടന്നു കൂടുകയാണുണ്ടായത്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ. സുധാകരൻ നേടിയത് 43,151 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇത്തരമൊരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.

മറ്റുചില പേരുകളും

പി.കെ. ശ്രീമതിക്ക് പുറമെ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസന്റെ പേരും സി.പി.എം പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. നേരത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. കോൺഗ്രസിൽ കെ.സുധാകരൻ സ്ഥാനാർത്ഥിയാകാൻ വിസമ്മതിക്കുകയാണെങ്കിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടേതുൾപ്പെടെയുള്ള പേരുകൾ പരിഗണിച്ചേക്കാം.

മണ്ഡലത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ മികച്ച സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനൊരുങ്ങുകയാണ് ബി.ജെ.പിയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പി.സി മോഹനൻ മാസ്റ്ററെ രംഗത്തിറക്കി 51,636 വോട്ടാണ് നേടിയത്.

എസ്.ഡി.പി.ഐയും സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പോരിനിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 19,170 വോട്ട് എസ്.ഡി.പി.ഐ നേടിയിരുന്നു.