കാഞ്ഞങ്ങാട്: തുളുനാട് സാഹിത്യ മാസികയുടെ പ്രഥമ ജനസമ്മതി സാഹിത്യ പുരസ്‌കാരത്തിന് പ്രകാശൻ കരിവെള്ളൂരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒമ്പത് വർഷമായി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വരുന്ന 'എന്റെ സിനിമാപ്രണയത്തിന്റെ ഓർമ്മയ്ക്ക് ' എന്ന സ്മൃതി പരമ്പരയ്ക്കാണ് അവാർഡ്. 24ന് നീലേശ്വരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.

ഉറൂസ് സമാപിച്ചു
കാഞ്ഞങ്ങാട്: ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം.കെ.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. മുൻ കാല ജമാഅത്ത് പ്രസിഡന്റുമാരെ ആദരിച്ചു. നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തി.

ഫണ്ട് ശേഖരണം
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബത്തിനു വേണ്ടി അജാനൂരിൽ നിന്ന് സ്വരൂപിക്കുന്ന ധനസഹായത്തിന്റെ പ്രഥമ ഫണ്ട് അതിഞ്ഞാൽ മൻസൂർ ഹോസ്പിറ്റൽ എം.ഡി. കുഞ്ഞാമദ് ഹാജിയിൽ നിന്നും മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മെട്രോ മുഹമ്മദ് ഹാജി ഏറ്റുവാങ്ങി.

ഡി.വൈ.എഫ്‌.ഐ കൺവെൻഷൻ
കാഞ്ഞങ്ങാട്: ബി.ജെ.പി സർക്കാറിന്റെ ദുർഭരണം തൂത്തെറിയാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്‌.ഐ കാഞ്ഞങ്ങാട് മണ്ഡലം യുവജന കൺവെൻഷൻ രൂപം നൽകി. കുന്നുമ്മൽ ബാങ്ക് ഹാളിൽ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിൻ ഉദ്ഘാടനം ചെയ്തു. കെ.എം വിനോദ് അധ്യക്ഷനായി. രതീഷ് നെല്ലിക്കാട്ട്‌ പ്രവർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.കെ നിഷാന്ത്, എൻ. പ്രിയേഷ്, സുരേഷ് വയമ്പിൽ, ഹതിതാ നാലാപ്പടം എന്നിവർ സംസാരിച്ചു. മണ്ഡലം കൺവീനറായി ഷാലുമാത്യുവിനെ തിരഞ്ഞെടുത്തു.