കാഞ്ഞങ്ങാട്: ബസ്സുകൾ കയറിയിറങ്ങാൻ തുടങ്ങിയ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് മാലിന്യക്കൂമ്പാരം. കഴിഞ്ഞമാസം 22 ന് മുഖ്യമന്ത്രിയാണ് ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. തുടർന്ന് ഒരാഴ്ചക്കാലം സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളായിരുന്നു. അതുകഴിഞ്ഞതോടെയാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂരപ്പറമ്പു പോലെയായി മാറിയത്.ബസ് സ്റ്റാൻഡിലെ ഷീ ലോ‌ഡ്ജിന്റെ ഭാഗത്താണ് വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. നഗരസഭ അധികൃതർ ഇതുകണ്ട ലക്ഷണമില്ല,. ഷോപ്പിംഗ് കോപ്ലക്സിലെ മുറികൾ ലേലം ചെയ്ത് കൊടുക്കാത്തതിനാൽ വ്യാപാരം തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ സ്റ്റാൻഡിൽ ആൾതിരക്കും കുറവാണ്. കഴിഞ്ഞ ഭരണസമിതി ഷോപ്പിംഗ് കോംപ്ലക്സിലെ ഏതാനും മുറികൾ ലേലം ചെയ്തു നൽകിയിരുന്നു. അവർക്കന്നു നിശ്ചയിച്ച വാടകയും ‌ഡെപ്പോസിറ്റും വളരെ കുറവാണ്. പുതിയ ഭരണ സമിതി ലേല നടപടി സ്വീകരിക്കുമ്പോൾ നേരത്തെ ലേലം കൊണ്ടവർ അതിനെ ചോദ്യം ചെയ്യുമെന്നും ഉറപ്പായിട്ടുണ്ട്.

ബസ്സുകളാകട്ടെ ചടങ്ങിനെന്ന വണ്ണം സ്റ്റാൻഡിൽ കയറിയിറങ്ങുകയാണ്. പാണത്തൂർ ബസ്സുകൾ സ്റ്റാൻഡിലേക്ക് വരാറേയില്ല. ചുരുക്കത്തിൽ ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടും പൂർണ്ണമായ തോതിൽ അതിനെ ഉപയുക്തമാക്കാൻ സാധിച്ചിട്ടില്ല. ഈ മാസം രണ്ടാമത്തെയാഴ്ചയോടെ കടമുറികളുടെ ലേലം സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങുമെന്ന് ചെയർമാൻ വി.വി. രമേശൻ പറഞ്ഞു.