പയ്യന്നൂർ: ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ലഹരി വിമോചന കേന്ദ്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മദ്യനിരോധനമല്ല മദ്യ വർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഏക ലഹരിവിമോചന ചികിത്സാകേന്ദ്രമാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേത്. പത്തുപേരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും. മദ്യത്തിനൊപ്പം മയക്കുമരുന്നുകളിൽ നിന്നും മോചനം നേടാനുള്ള ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്.
സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന്
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ
കണ്ണൂർ: സമ്പൂർണ ഗുണമേന്മ കാര്യക്ഷമത കൈവരിച്ചതിന്റെ ഭാഗമായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സി. കൃഷ്ണൻ എം..എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനസൗഹൃദ, കാര്യക്ഷമതാ, അഴിമതി രഹിത പഞ്ചായത്തായാണ് എരമം-കുറ്റൂരിനെ പ്രഖ്യാപിച്ചത്. വാർഷിക പദ്ധതി നിവർഹണത്തിലും മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിനുള്ള ഹരിത മിഷൻ പ്രവർത്തനങ്ങളിലും ആരോഗ്യമേഖലയിലെ ആർദ്രം മിഷൻ നിർവഹണത്തിലും പഞ്ചായത്ത് ഏറെ മുന്നിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നുറുദ്ദീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമേശൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ. ജിഷ എന്നിവർ പ്രസംഗിച്ചു.