തലേശ്ശരി: അറ്റകുറ്റപണിയ്ക്കായി ഒരു മാസത്തിലേറെയായി അടച്ചിട്ട തലശ്ശേരി ടി.സി. മുക്ക് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി ഉടൻ തുറക്കും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയും വ്യാപാര വ്യവസായി സമിതി നേതാക്കളും റോഡ്‌സ് വിഭാഗം അധികൃതരുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് എട്ടിന് മേൽപാലം തുറക്കാൻ ധാരണയായത്. ജനുവരി അവസാനമാണ് പാലത്തിലെ ഗതാഗതം അറ്റകുറ്റപണിക്കായി തടഞ്ഞത്.
പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഗതാഗത നിയന്ത്രണം മാർച്ച് 10 വരെ ദീർഘിപ്പിച്ചിരുന്നു. എക്‌സ് പാൻഷൻ ജോയിന്റിലെ വിള്ളൽ അടക്കുന്ന പ്രവൃത്തിക്കായാണ് പാലം അടച്ചിട്ടത്. ആദ്യം ഫെബ്രുവരി 10 വരെ പാലത്തിൽ ഗതാഗതം നിരോധിച്ചെന്നാണ് അറിയിപ്പുണ്ടായത്. എന്നാൽ പണി പാതി പോലും എത്തിയില്ല. എക്‌സ്‌പാൻഷൻ ജോയിന്റിൽ ചാനൽ വെൽഡ് ചെയ്ത് ഘടിപ്പിക്കുന്ന ജോലി മുഴുമിപ്പിക്കലാണ് വൈകിയത്. രണ്ട് പതിറ്റാണ്ടോളം പഴക്കമുളള പാലത്തിൽ ജോയിന്റുളള ഭാഗങ്ങൾ നിരന്തരം തകരാൻ തുടങ്ങിയിരുന്നു. ഇവിടെ അലൂമിനിയം ഷീറ്റ് ഉപയോഗിച്ചാണ് അടച്ചിരുന്നത്. കാലപ്പഴക്കത്താൽ അലൂമിനിയം ഷീറ്റ് ദ്രവിച്ചതാണ് റോഡിന്റ തകർച്ചക്കിടയായത്. ഇപ്പോൾ നിർമ്മിക്കുന്ന പാലങ്ങളിൽ പുതിയ രീതിയിലുളള ചാനലുകളാണ് ഘടിപ്പിക്കുന്നത്. പാലത്തിലെ മുഴുവൻ ജോയിന്റുകളും വെട്ടിെപ്പാളിച്ചാണ് പ്രവൃത്തി നടന്നത്. ജോയിന്റ് മുഴുവൻ അടച്ച ശേഷം ടാറിംഗ് പൂർത്തിയാക്കും. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. പാലത്തിന്റെ നടപ്പാതയിലെ പൊട്ടിയ മുഴുവൻ സ്ലാബുകളും മാറ്റിസ്ഥാപിക്കുന്നുമുണ്ട്.
തിരുവപ്പന മഹോത്സവം
പയ്യന്നൂർ: റെയിൽവേ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം 7, 8 തിയ്യതികളിൽ നടക്കും. 7ന് ഉച്ചക്ക് 2ന് മലയിറക്കൽ, 5ന് മുത്തപ്പൻ വെള്ളാട്ടം, രാത്രി 10ന് കലശം എഴുന്നള്ളത്ത്, 8ന് പുലർച്ചെ 5ന് തിരുവപ്പന, ഉച്ചക്ക് 12ന് മല കയറ്റൽ. 7ന് രാത്രിയും 8ന് ഉച്ചയ്ക്കും അന്നദാനവും ഉണ്ടായിരിക്കും.
വാർഷികാഘോഷം
ചെറുപുഴ: ചുണ്ട ജവഹർ മെമ്മോറിയൽ റീഡിംഗ് റൂം ലൈബ്രറിയുടെ അറുപതാം വാർഷികാഘോഷം ഘോഷയാത്രയോടെ ആരംഭിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ ഒരു വർഷത്തെ വാർഷിക ആഘോഷവും എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറും ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അദ്ധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ ആദ്യകാല സാമൂഹിക ഗ്രന്ഥശാല സാംസ്‌കാരിക പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും കൂടുതൽ പുസ്തകം വായിച്ച വയോജന, വനിതാ, യുവജന, വിദ്യാർഥി വിഭാഗങ്ങൾക്കും പ്രത്യേക സമ്മാനം വിതരണം ചെയ്തു. വായനശാലയും വയോജന വേദിയുടെ പകൽ വീടിനും ആവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള ധനസമാഹരണം യജ്ഞം മൂലകോവിൽ രാജേന്ദ്രൻ തുടക്കം കുറിച്ചു. തുടർന്ന് വായനശാല പ്രസിഡന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഡി. അഗസ്റ്റിൻ, ബേബി കുമ്പുക്കൽ, ബാലകൃഷ്ണൻ കവ്വായിക്കാരൻ, രാജു ചുണ്ട, സുരേഷ് അരിയിക്കൽ, സിന്ധു ഗോപാലകൃഷ്ണൻ, സി.കെ. രാജേഷ്, പ്രതീഷ് ചുണ്ട എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഫ്ലൈ മ്യൂസിക്‌സ് അവതരിപ്പിച്ച ഗാനമേള ഏറെ ശ്രദ്ധേയമായി.
മൂന്നംഗ സംഘം തട്ടുകട ഉടമയെ അക്രമിച്ചു
ചെറുപുഴ: ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ അക്രമത്തിൽ തട്ടുകട ഉടമയ്ക്ക് പരിക്കേറ്റു. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൂരലിൽ തട്ടുകട നടത്തുന്ന കെ.വി. പ്രജീഷിന് നേരെയാണ് കഴിഞ്ഞ രാത്രി പതിനൊന്നോടെ അക്രമം നടന്നത്. മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും വടിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇവരിൽ രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സമീപത്ത് ശിവരാത്രി ആഘോഷം നടക്കുന്നതിനാൽ ടൗണിൽ തിരക്ക് കുറവായിയുന്നു. പൊലീസ് പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും അവർ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പ്രജീഷ് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചൂരലിൽ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിച്ചു.