കണ്ണൂർ: തിരഞ്ഞെടുപ്പിൽ വിലയേറിയ വോട്ടുകൾ ചോദിക്കുമെന്നല്ലാതെ, സ്ഥാനാർത്ഥി ആരാകണമെന്ന വിലയേറിയ അഭിപ്രായം ഇന്നോളം ഒരു പാർട്ടിയും വോട്ടറോട് ചോദിച്ചു കേട്ടിട്ടില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനഹിതം കൂടി അറിഞ്ഞിട്ടു മതി, സ്ഥാനാർത്ഥി നിർണയമെന്ന തീരുമാനത്തിലാണ് ബി.ജെ.പി.
വോട്ടറുടെ മൊബൈലിലേക്ക് പാർട്ടിയുടെ വിളി വരും. ചോദ്യമിങ്ങനെ: താങ്കളുടെ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ അനുയോജ്യനായ ആൾ ആര്? ചോദ്യം നമ്പർ ടു: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
വോട്ടിനു മാത്രമല്ല, സമ്മതിദായകന്റെ വാക്കിനും വിലയുണ്ടെന്ന് വോട്ടർമാരെ നേരിട്ടറിയിക്കുകയാണ് ബി.ജെ.പി നേരത്തേ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ഒരു സ്ഥാനാർത്ഥിപ്പട്ടിക ദേശീയ നേതൃത്വത്തിന് കൊടുത്തെന്ന് വാർത്ത വന്നതിനു പിന്നാലെ എത്തിയത് വിവാദങ്ങളാണ്. കൊടുത്തത് ശ്രീധരൻപിള്ളയുടെ സ്വകാര്യ പട്ടിക ആയിരുന്നെന്നാണ് ആക്ഷേപം. എന്തായാലും, സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാർത്ഥി നിർണയചർച്ച നടക്കുന്നതിനിടെ, കേന്ദ്രത്തിൽ നിന്നു നേരിട്ടാണ് കേരളത്തിലെ ഓരോ മണ്ഡലത്തിലെയും വോട്ടർമാരെ വിളിച്ച് യോഗ്യരെ അന്വേഷിക്കുന്നത്.
ശബ്ദലേഖനം ചെയ്ത ചോദ്യങ്ങളല്ല; നേരിട്ടുള്ള അന്വേഷണമാണ്. ചുമതല സംസ്ഥാന കമ്മിറ്റിക്കല്ല, കേന്ദ്രത്തിൽ നിന്നു തന്നെ നിയോഗിച്ചിട്ടുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ഓരോ ജില്ലയിലും ഏർപ്പെടുത്തിയിട്ടുള്ള കാൾ സെന്ററുകൾക്കാണ് എന്നു മാത്രം. ജനഹിതം നേരെ കേന്ദ്ര കമ്മിറ്റിയുടെ കൈയിലെത്തും. ഓരോ മണ്ഡലത്തിലെയും സാദ്ധ്യതാ പട്ടിക കേന്ദ്ര കമ്മിറ്റിക്കു നൽകേണ്ടത് സംസ്ഥാന കോർ കമ്മിറ്റിയാണ്. ഈ പട്ടിക ജനഹിതവുമായി ഒത്തുനോക്കും. കേരളത്തിൽ അഞ്ചു സീറ്റ് വരെ ഉന്നമിട്ടാണ് കേന്ദ്രത്തിന്റെ ഇടപെടൽ. മൂന്നെണ്ണം നിർബന്ധം- തിരുവനന്തപുരവും പത്തനംതിട്ടയും.പാലക്കാടും. ഈ മൂന്നിടത്ത് വിജയിച്ചില്ലെങ്കിൽ സംസ്ഥാന, ജില്ലാ നേതൃത്വം ഫലം അനുഭവിക്കേണ്ടിവരുമെന്ന് താക്കീതുണ്ട്. ഭൂരിപക്ഷ ജനഹിതം മാനിക്കാതെ സ്ഥാനാർത്ഥിപ്പട്ടികയുമായി ചെന്നാൽ അതിനു ശിക്ഷ നേരത്തേ കിട്ടും.