കുണ്ട്യം: കുണ്ട്യം എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സൂപ്പർ വോളി നൈറ്റിൽ എൻ.എസ്.എസ്.സി കൊടക്കാടിനെ പരാജയപ്പെടുത്തി എ.കെ.ജി കുണ്ട്യം ജേതാക്കളായി. ചാമ്പ്യൻഷിപ്പ് മുൻ ഇന്ത്യൻ റെയിൽവേ താരം ഒ.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്, കണ്ണൂർ യൂണിവേഴ്സിറ്റി വോളിബോൾ താരം പ്രിഥ്യു, ജില്ലാ മിനി വോളിബോൾ താരം രേവതി എന്നിവരെ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷനായി. വിജയികൾക്ക് സി.പി.എം ചീമേനി ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ സമ്മാനദാനം നിർവ്വഹിച്ചു.

കോൺക്രീറ് സ്ലാബ് തകർന്ന്

മിനിലോറി താണു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വീണ്ടും കോൺക്രീറ് സ്ലാബ് തകർന്ന് വാഹനം അഴുക്കുചാലിലേക്ക് താണു. ബസ് സ്റ്റാൻഡിന്റെ കിഴക്കു ഭാഗത്തെ പ്രവേശനകവാടത്തിനു സമീപമാണ് സംഭവം. ബാറ്ററി കയറ്റിവന്ന മിനി ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനത്തിലെ ബാറ്ററികളൊക്കെ നീക്കം ചെയ്ത ശേഷം ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം കരകയറ്റിയത്. ഒരാഴ്ച മുമ്പ് ചൊവ്വേരി മുക്കിൽ എം.സി.എം.സി ഹോസ്പിറ്റലിന് സപീപത്തും സമാന രീതിയിൽ കോൺക്രീറ്റ് ജില്ലിയുമായി വന്ന ലോറി അഴുക്കുചാലിന്റെ സ്ളാബ് തകർന്നു കുഴിയിൽ അകപ്പെട്ടിരുന്നു.

കടകളിലെ അക്കൗണ്ടന്റുമാർക്ക്
പരിശീലന ക്ലാസ് നടത്തി

കാഞ്ഞങ്ങാട്: ജി.എസ്.ടി ബില്ലിംഗ്, സ്റ്റോക് കൺട്രോൾ, ഇൻകം ടാക്സ് വിഷയങ്ങളിൽ അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി ഷോപ്പ് അക്കൗണ്ടന്റുമാർക്ക് പരിശീലന ക്ലാസ് നടത്തി. താലൂക്ക് പ്രസിഡന്റ് പി. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. യതീഷ് പ്രഭു, അസോസിയേഷൻ ജനറൽ സെക്രട്ടറി മനോജ് കുമാർ എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി കെ.കെ. ശിവാനന്ദൻ, ആശിഷ് എന്നിവർ പ്രസംഗിച്ചു.

അംശാദായ കുടിശിക അടയ്ക്കണം

കാഞ്ഞങ്ങാട്: കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംശാദായ കുടിശിക വരുത്തിയ അംഗങ്ങൾ അംശാദായ കുടിശിക ഓഗസ്റ്റ് 31 നു മുൻപായി കാഞ്ഞങ്ങാട്ടെ ജില്ലാ ഓഫിസിൽ അടയ്ക്കണമെന്നു ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0467 2207731.