തൃക്കരിപ്പൂർ: ചുവർചിത്രകലയിൽ ജീവൻ തുടിക്കുന്ന നിരവധി സൃഷ്ടികൾക്ക് ജന്മം നൽകിയ വലിയപറമ്പ സ്വദേശി കെ.വി ബജീഷിന്റെ (30 ) രചനകൾ ശ്രദ്ധേയമാകുന്നു. വരീക്കര ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങി അനേകം തെയ്യക്കോലങ്ങളുടെ വർണാഭമായ ചിത്രങ്ങൾ ആലേഖനം ചെയ്ത യുവാവ് ചുവർ ചിത്രരചനാ രംഗത്ത് തന്റെ കൈവിരുത് തെളിയിച്ചിരിക്കുകയാണ്.
വലിയപറമ്പ കാലിച്ചാൻ ദേവസ്ഥാനത്ത് ഒൻപത് വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണനെ വരച്ചുകൊണ്ടാണ് കലാരംഗത്തെ തന്റെ കഴിവ് ആദ്യമായി പ്രകടമാക്കിയത്. വലിയപറമ്പ പൊട്ടൻ ദേവസ്ഥാനത്തെ പൊട്ടൻ ദൈവം ഏറെ ആകർഷണീയമായി. കുതിരുമ്മൽ തറവാട്, പാറക്കടവത്ത് തറവാട് എന്നിവിടങ്ങളിലും ഈ യുവാവിന്റെ കലാവിരുത് തെളിയിക്കുന്ന ചുവരുകൾ ദൃശ്യവിരുന്നു ഒരുക്കിയിട്ടുണ്ട്. ഒളവറ കൊവ്വൽ വീട് തറവാടിലാണ് അവസാനമായി തന്റെ കലാപ്രതിഭ തെളിയിച്ച വർണ്ണഭംഗി ചുവരുകളിൽ ചാലിച്ചിട്ടുള്ളത്. ക്ഷേത്രങ്ങൾക്ക് പുറമെ ചന്തേര ഗവ യു.പി സ്‌കൂൾ, പടന്ന കടപ്പുറം ഹയർ സെക്കൻഡറി തുടങ്ങിയവിടങ്ങളിലും വിദ്യാഭ്യാസ സംബന്ധമായ നിരവധി ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ കിം പുരുഷന്റെ രൂപങ്ങൾക്ക് ചായം തേച്ചുകൊണ്ടുള്ള കഴിവ് പ്രകടിപ്പിച്ച ഈ യുവാവിനെ പടന്ന മുണ്ട്യ ദേവസ്വം അനുമോദിച്ചിട്ടുണ്ട്. വലിയപറമ്പയിലെ ടി.കെ ഭാസ്‌കരൻ - സരോജിനി ദമ്പതികളുടെ മകനാണ്.
മണൽവാരൽ തൊഴിലാളികൾക്ക്
തിരിച്ചറിയൽ കാർഡ് നൽകണം
നീലേശ്വരം: മണൽവാരൽ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്ന് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നിർദ്ദേശം. കൂടാതെ ആഴ്ചയിൽ നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ്, റവന്യു വിഭാഗങ്ങൾ പരിശോധന നടത്തണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.
കൊട്ടുമ്പുറം കുഞ്ഞാലിൻകീഴിൽ റോഡ് റീ ടാറിംഗ് വിഷയം അടങ്കലിൽ വ്യത്യാസം വരാതെ എസ്റ്റിമേറ്റ് ചെയ്യുന്ന വിഷയം വന്നപ്പോൾ കൗൺസിലർ സുരേശൻ കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുകയാണെന്ന് പറയുകയുണ്ടായി. നഗരസഭയിലെ കരാറുകാർ എല്ലാ ജോലികളും ഏറ്റെടുക്കുന്നതിനാൽ പണി കൃത്യമായി പൂർത്തികരിക്കാൻ പറ്റാത്തതിനാൽ നഗരസഭയ്ക്ക് പുറത്തു നിന്നുള്ള പൊതുമരാമത്ത് കരാറുകാരെയും ഉൾപ്പെടുത്തണമെന്ന് കൗൺസിലർ എറുവാട്ട് മോഹനൻ നിർദ്ദേശിക്കുകയുണ്ടായി. പണി ഏറ്റെടുക്കാൻ കരാറുകാരുടെ പിന്നാലെ പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മോഹനൻ പറഞ്ഞു.
റിലയൻസ് ജിയോ ലിമിറ്റഡ് എന്ന സ്ഥാപനം നഗരസഭയുടെ അനുമതിയില്ലാതെ പട്ടേന ബ്ലോക്ക് ഓഫീസ് റോഡിന് സമാന്തരമായി ഒ.എഫ്.സി. കേബിൾ വലച്ചതിന് ഇസ്റ്റലേഷൻ ചാർജും ഫൈനും വാങ്ങാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയിലെ തെരുവ് വിളക്കുകൾ വാർഷിക അറ്റകുറ്റപ്പണി ചെയ്യുന്ന വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ കൗൺസിലർ എറ്റുവാട്ട് മോഹനൻ സർക്കാർ ഉത്തരവുകളും സർക്കുലറും നിയമങ്ങളും പാലിക്കാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നും എന്നാൽ അജണ്ട അംഗീകരിക്കണമെന്നും പറഞ്ഞു. 19 അജണ്ടകൾ കൗൺസിൽ അംഗീകരിച്ചു. വൈസ് ചെയർപേഴ്സൺ വി.ഗൗരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പി.പി മുഹമ്മദ് റാഫി, ടി. കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ, പി.മനോഹരൻ, എം.സാജിത എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
പെൻഷനേർസ് യൂണിയൻ ബ്ലോക്ക് സമ്മേളനം
ചെറുവത്തൂർ: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. 25 വർഷം സർവീസുള്ള ജീവനക്കാർക്ക് ഫുൾ പെൻഷൻ അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.. ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കെ. ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സരസ്വതി അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.പി.മാധവൻ നായർ, പി.കുഞ്ഞമ്പു നായർ, പി.പി. പ്രസന്ന സംസാരിച്ചു. വി.കൃഷ്ണൻ സ്വാഗതവും എം. മാധവൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ജയറാം പ്രകാശ് -പ്രസിഡന്റ്, കെ.സുജാതൻ - സെക്രട്ടറി, കെ.വി.സുരേന്ദ്രൻ -ട്രഷറർ.