കണ്ണൂർ: ജനാധിപത്യവും മതേതരത്വവും അപകടപ്പെടുത്തുന്ന സംഘ്പരിവാർ ശക്തികൾക്കെതിരെ ദേശവ്യാപകമായി ഉയരുന്ന പ്രതിഷേധം വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉറപ്പുവരുത്തുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജൻ പറഞ്ഞു. രാഷ്ട്രീയതാൽപര്യത്തോടെ മതനേതൃത്വങ്ങൾ തെറ്റായ പ്രചാരണം നടത്തി അകാരണമായ ആശങ്ക ജനിപ്പിക്കുകയാണെന്ന് പാമ്പൻ മാധവൻ ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് സ്‌റ്റേഡിയം കോർണറിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എസ് ജില്ലാപ്രസിഡന്റ് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ഇ.പി.ആർ.വേശാല , യു.ബാബു ഗോപിനാഥ്, അഡ്വ.കെ.വി മനോജ് കുമാർ, ഇ.ജനാർദ്ദനൻ, കെ.സി.സോമൻനമ്പ്യാർ, സന്തോഷ് കാല, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാവിലെ പയ്യാമ്പലത്ത് പാമ്പൻ മാധവൻ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് എസ്.ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.