ഇരിട്ടി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഉളിക്കൽ അക്ഷയകേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാവൂർ എം എൽ എ അഡ്വ. സണ്ണിജോസഫ് ഇന്ന് 4 മണിക്ക് നിർവഹിക്കും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൂർണ്ണ സൗജന്യ കമ്പ്യൂട്ടർ പരിശീലന പദ്ധതിയായ പി .എം .ജി .ഡി. ഐ. എസ്. എച്ച് .എ സെന്ററിന്റെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അലക്‌സാണ്ടറും, സ്ഥിരം ആധാർ എന്റോൾമെന്റ് സ്റ്റേഷൻ ഉദ്ഘാടനം പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റർ കെ. വി. ദീപാങ്കുരനും തുണ' പോലീസ് പൊതുജന സൗഹാർദ്ദ പോർട്ടൽ ഉദ്ഘാടനം ഉളിക്കൽ എസ് .ഐ പി.കെ. ജിതേഷും, ന്യൂ ഇന്ത്യാ ഇൻഷൂറൻസ് പോർട്ടൽ ഉദ്ഘാടനം മാഹി ബ്രാഞ്ച് മാനേജർ എം.പി. ശിവദാസനും , സ്റ്റാർ ഹെൽത്ത് പോർട്ടൽ ഉദ്ഘാടനം ജസ്റ്റിൻ ജോസഫും നിർവഹിക്കും.

ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക്

ചുമരെഴുത്തിനെ ചൊല്ലി പയ്യന്നൂർ കോളേജിൽ എസ്. എഫ്. ഐ ​-കെ എസ് യു സംഘർഷം

പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ ചുമരെഴുത്തിനെ ചൊല്ലി കെ. എസ് .യു ​-എസ് .എഫ് .ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗങ്ങളിലുമായി ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കെ .എസ്. യു പയ്യന്നൂർ കോളജ് യൂണിറ്റ് പ്രസിഡന്റ് സി .കെ.ഹർഷരാജ് , നിയോജകമണ്ഡലം പ്രസിഡന്റ് അകാശ്ഭാസ്‌കരൻ, അശ്വിൻ, ബിലൻ, ശ്രേയ എന്നീ കെ .എസ് .യു പ്രവർത്തകരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പരിക്കേറ്റ എസ്.എഫ്‌.ഐ പ്രവർത്തകരായ എസ് .എഫ്. ഐ ഏരിയ സെക്രട്ടറിയറ്റ് മെമ്പറും പയ്യന്നൂർ കോളേജ് യൂണിയൻ ജോ: സെക്രട്ടറിയുമായ ടി.പി. കീർത്തന, കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.പി പ്രണവ് എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുവരെഴുത്തുമായുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.പരിക്കേറ്റ കെ .എസ് .യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. അക്രമത്തിൽ എസ് .എഫ് .ഐ പയ്യന്നൂർഏരിയ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.


ലഘുലേഖ വിതരണവും നടത്തി
ഇരിട്ടി:കേളകം വളയഞ്ചാൽ കോളനിയിൽ പേരാവൂർ എക്‌സൈസ് സംഘം ലഹരിവിരുദ്ധ ബോധവത്ക്കരണവും വിമുക്തി ലഘുലേഖ വിതരണവും നടത്തി.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.ബി.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ കോളനി നിവാസികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഉദ്യോഗസ്ഥർ ബോധവൽക്കരണം നൽകുകയും വീടുകൾ കയറിയിറങ്ങി വിമുക്തി ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. പത്താംതരം പാസായ കോളനി നിവാസികൾക്ക് ഉപരി പഠനത്തിനും പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും മാർഗ്ഗ നിർദ്ദേശം നൽകി. കോളനിയിലെ പത്താംതരം ജയിച്ച മുഴുവൻ യുവതി യുവാക്കൾക്കും പേരാവൂർ എക്‌സൈസ് മുൻകൈയെടുത്ത് പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ നടത്തും. പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, വനിത സിവിൽ എക്‌സൈസ് ഓഫിസർ കെ.എസ്.നിമ, എക്‌സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ് എന്നിവർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.