കാസർകോട്: ജില്ലയുടെ മലയോര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് രണ്ടു പ്രധാനപാതകൾക്ക് നീക്കിവച്ചത് 100 കോടി രൂപ. ബദിയടുക്ക, ഏത്തടുക്ക, സുള്ള്യപ്പദവ് റോഡിന് 45.28 കോടി രൂപ. ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ റോഡിന് 54.2 കോടി രൂപ. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേക്ക് ജില്ലയിൽ ചെലവഴിക്കുന്ന 306 കോടി രൂപക്ക് പുറമെയാണിത്.

ബദിയടുക്ക, ഏത്തടുക്ക, സുള്ള്യപദവ് റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ബദിയടുക്ക, ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തിലെ ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമാകും. 20 വർഷത്തിനു ശേഷമാണ് ഈ റോഡിന്റെ പൂർണമായ അഭിവൃദ്ധി നടക്കുന്നത്. നാളിതുവരെ കണ്ണിൽ പൊടിയിടാനുള്ള അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നത്. കിഫ്ബി അംഗീകരിച്ച 45.28 കോടി രൂപ വകയിരുത്തിയ ഡി.പി.ആറിൽ 22 പൈപ്പ് കൽവർട്ട് പുനർനിർമാണം ഉൾപ്പെടെ 20 കിലോമീറ്റർ റോഡാണ് അഭിവൃദ്ധിപ്പെടുത്തുക. പദ്ധതി നടപ്പാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങൾക്ക് കർണാടകയിലേക്ക് എളുപ്പമെത്താനാകുന്ന റോഡാകും.

യാത്ര ദുഷ്‌കരമായ ബോവിക്കാനം കാനത്തൂർ എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡിന് 54.2 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുക. ചെർക്കള ജാൽസൂർ സംസ്ഥാനപാതയിലെ ബോവിക്കാനം ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറ്റിക്കോൽ ജംംഗ്ഷനിൽ എത്തുന്ന 17 കി. മീ. ദൈർഘ്യമുള്ള മലയോര പി.ഡബ്ല്യു.ഡി റോഡാണിത്. നിലവിലുള്ള അഞ്ചര മീറ്റർ റോഡ് ഏഴു മീറ്ററാക്കി മെക്കാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. 32 കൾവർട്ട് പുതുതായി പണിയും. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ എന്നീ പ്രധാനകേന്ദ്രങ്ങളിൽ ടൗൺ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്പാത്ത് നിർമിച്ച് ടൈൽ സ്ഥാപിച്ച് ഭംഗിയാക്കും. റോഡിൽ സ്‌റ്റെഡ്, വളവുകളിൽ സൈൻബോർഡുകൾ എന്നിവയും ഉണ്ടാകും. കിഫ്ബി സാമ്പത്തികാനുമതി നൽകിയതോടെ കെ.ആർ.എഫ്.ബി സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്താൽ പ്രവൃത്തി തുടങ്ങാനാവും.

മലയോര ഹൈവേ ജില്ലയിൽ

നന്ദാരപ്പദവിൽ നിന്നാരംഭിക്കുന്ന മലയോരഹൈവേ സുങ്കതക്കട്ട, പൈവളിഗെ, ചേവാർ, അംഗടിമൊഗർ, ഇടിയടുക്ക, ബദിയടുക്ക, മള്ളേരിയ, പടിയത്തടുക്ക, അത്തനാടി, എടപ്പറമ്പ്, പാണ്ടി, പള്ളഞ്ചി, ശങ്കരമ്പാടി, പടുപ്പ്, ബന്തടുക്ക, മാനടുക്കം, കോളിച്ചാൽ, പതിനെട്ടാംമൈൽ, മരതോം, ചുള്ളി, വള്ളിക്കടവ് എന്നിവിടങ്ങളിലൂടെ ചെറുപുഴയിലെത്തും.