കാസർകോട്: ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിംഗ് കാസർകോട് സംഘടിപ്പിക്കുന്ന നാലാമത് കാസർകോട് മാരത്തൺ പത്തിന്. രാവിലെ ആറിന് മൊഗ്രാലിൽ നിന്നാരംഭിക്കുന്ന പത്തര കിലോമീറ്റർ മാരത്തൺ വിദ്യാനഗർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15000, 10000, 5000 രൂപയും ട്രോഫിയും നൽകും. രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയിൽ നിന്ന് വിദ്യാനഗർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലേക്ക് മിനി മാരത്തണും സംഘടിപ്പിക്കും. വിജയികൾക്ക് 3000, 2000, 1000 രൂപയും ട്രോഫിയും നൽകും. അമ്പത് വയസിന് മുകളിലുള്ളവർക്ക് ഉപഹാരം നൽകും. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് ഇരുമാരത്തണും. മാരത്തണിൽ പങ്കെടുക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446673961, 7907563463, 9446981133.
മാരത്തൺ മൊഗ്രലിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീൽ, ജഗദീഷ് കുമ്പള, ആസിഫ് മൊഗ്രാൽ, മൂസ ഷെരീഫ് എന്നിവർ ഫ്‌ളാഗ്ഓഫ് ചെയ്യും. മിനി മാരത്തൺ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, എ.എസ്.പി. ഡി. ശില്പ എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മാനദാനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ കായിക മേഖലയിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിക്കും.
വാർത്താസമ്മേളനത്തിൽ ഗുഡ്‌മോണിംഗ് കാസർകോട് ചെയർമാൻ ഹാരിസ് ചൂരി, കൺവീനർ ബാലൻ ചെന്നിക്കര, ട്രഷറർ പവിത്രൻ, മുഹമ്മദ് ഹാഷിം, ജയൻ, റയീസ്, മൊയ്തീൻ കോളിക്കര, ഷഫീഖ് തെരുവത്ത് എന്നിവർ പങ്കെടുത്തു.

ട്രാൻസ്‌ജെൻഡർ താരങ്ങൾ അണിനിരക്കുന്ന ഫുട്‌ബാൾ മത്സരം നാളെ
കാസർകോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കാസർകോട് പ്രസ് ക്ലബ്ബ്, ഹെൽത്ത് ലൈൻ ടി.ജി. സുരക്ഷാ പ്രൊജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വൈകിട്ട് 4.30 ന് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജെൻഡർ ന്യൂട്രൽ ഫുട്‌ബാൾ മത്സരം നടക്കും.

ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. ജില്ലാ ജഡ്ജി എസ്. മനോഹർ കിണി സമ്മാന ദാനം നിർവ്വഹിക്കും. കുമ്പള അക്കാഡമി, കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ടി.ജി. സുരക്ഷാ പ്രൊജക്ട് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.