പണി ഏറ്റെടുത്തത് 325 മീറ്റർ റീ ടാറിംഗും 60 മീറ്റർ കോൺക്രീറ്റും
നീലേശ്വരം: കൊട്ടുമ്പുറം ചീർമ്മക്കാവ് റോഡ് പ്രവൃത്തി കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. ഏറെയും കഷ്ടപ്പെടുന്നത് ഇതുവഴിയുള്ള കാൽനടയാത്രക്കാരും.
പാലക്കാട്ട്, ചീർമ്മക്കാവ്, പുതിയ പറമ്പത്ത് എന്നീ പ്രദേശങ്ങളിലേക്കുള്ള കാൽനടയാത്രക്കാർ ഇതുവഴിയാണ് കടന്നുപോകുന്നത്. കൂടാതെ പൂരോത്സവം തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലേക്കുള്ള വിശ്വാസികളും ഇതുവഴിയാണ് കടന്നു പോകേണ്ടത്.
റോഡിന്റെ തുടക്കത്തിൽ 60 മീറ്റർ കോൺക്രീറ്റ് ചെയ്യുന്ന ഭാഗങ്ങളിൽ പഴയ റോഡ് കുത്തിപ്പൊട്ടിച്ചതിനാൽ ഇവിടെ കല്ലുകൾ പുറത്തേക്ക് ഉന്തി നിൽക്കുകയാണ്. റോഡ് പൊട്ടിപൊളിച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കരാറുകാരൻ പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഒരു കരാറുകാരൻ തന്നെ നഗരസഭയിലെ പലപണികളും ഏറ്റെടുക്കുന്നതിനാലാണ് പണികൾ യഥാസമയം പൂർത്തികരിക്കാൻ പറ്റാതെ പോവുന്നതെന്ന് മറ്റ് കൗൺസിലർമാരും ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിനു പരിഹാരമെന്നോണം നഗരസഭയ്ക്ക് പുറത്തുള്ള പൊതുമരാമത്ത് കരാറുകാർക്കും ടെൻഡർ നൽകാനുള്ള നടപടികൾ സ്വീകരിക്കാനും കൗൺസിലർമാർ നിർദ്ദേശിക്കുകയുണ്ടായി.
റോഡ് തുടങ്ങുന്ന വളവിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നിർത്തിയിടാറുണ്ട്. 325 മീറ്റർ റീ ടാറിംഗും 60 മീറ്റർ കോൺക്രീറ്റുമാണ് ഇവിടെ കരാറുകാരൻ പണി ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിയുടെ എസ്റ്റിമേറ്റ് 6 ലക്ഷം രൂപയാണ്.
പൂരോത്സവം തുടങ്ങുന്നതിന് മുമ്പ് റോഡുപണി പൂർത്തികരിക്കാനള്ള നടപടി സ്വീകരിക്കണം -നാട്ടുകാർ
ചീർമ്മക്കാവ് റോഡ് പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ
സി.ഒ.എ ജില്ലാ കൺവെൻഷൻ ഇന്ന്
കാഞ്ഞങ്ങാട്: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) 12ാമത് കാസർകോട് ജില്ലാ കൺവെൻഷൻ ഇന്ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കും. രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് എം.മനോജ്കുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം മുതൽ മാണിയാട്ട് വരെയുള്ള 200 പ്രതിനിധികൾ പങ്കെടുക്കും.