കണ്ണൂർ : ഡീസൽ വില റോക്കറ്റ് പോലെ കുതിച്ചുപായുന്ന നാട്ടിൽ എണ്ണക്കിണർ. ചിരിച്ചു തള്ളാൻ വരട്ടെ. സംഗതി സത്യമാണ്. കുടിവെള്ളം കിട്ടേണ്ടിടത്ത് ഡീസൽ കിട്ടിയിട്ട് എന്താണ് കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒരു കുപ്പിയിൽ വെള്ളമെടുത്താൽ പകുതി ഡീസലാണ് . കിണറിലെ വെള്ളം ഉപയോഗിച്ച് അടുപ്പ് കത്തിക്കാനും വിറക് കത്തിക്കാനും കഴിയും. എന്നാൽ കുടിവെള്ളത്തിന് എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വാഹനയുടമകൾക്ക് അൽപ്പം സന്തോഷം തോന്നുമെങ്കിലും താണ കണ്ണോത്തുംചാൽ നിവാസികൾ ആകെ സങ്കടത്തിലാണ്.
കണ്ണോത്തുംചാൽ കോവിൽ റോഡ് റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ വീടുകളിലെ കിണറുകളിലാണ് ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.കണ്ണോത്തുംചാലിലെ ഒരു പെട്രോൾപമ്പിൽ നിന്നാണ് സമീപത്തെ പതിനൊന്നോളം വീടുകളിലെ കിണറുകളിൽ ഡീസലും മണ്ണെണ്ണയും എത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിപ്പുര ജയചന്ദ്രന്റെ വീട്ടു കിണറ്റിലാണ് ആദ്യമായി ഡീസലിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്.തുടർന്ന് ഞായറാഴ്ച നാല് വീടുകളിലും കണ്ടു. ഇപ്പോൾ ആറ് വീടുകളിലെയും കിണറുകളിൽ വൻ തോതിൽ ഡീസൽ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.
സി.കെ.ദിവാകരൻ,തോമസ്,കോയമ്മ,പ്രദീപൻ,ബാബു എന്നിവരുടെ കിണറുകളിലാണ് വൻതോതിൽ ഡീസൽ സാനിദ്ധ്യം കണ്ടെത്തിയത്. കിണറിൽ നിന്നും വെള്ളം എടുത്ത് കത്തിച്ചാൽ ആളികത്തുന്ന സ്ഥിതിയാണ് .
17 വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ വീടുകളിലെ കിണറുകളിൽ പെട്രോൾ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.ഡീസൽ ടാങ്ക് ലീക്ക് ആയതാണ് അന്ന് പെട്രോൾ കിണറുകളിലെത്താൻ ഇടയാക്കിയത്.ഇതേ തുടർന്ന് പമ്പ് അടച്ച് പൂട്ടി പരിശോധന നടത്തുകയും ടാങ്ക് പുന:സ്ഥാപിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കിണറുകളിൽ വീണ്ടും ഡീസൽ,മണ്ണെണ്ണ സാന്നിദ്ധ്യം കണ്ടെത്തുന്നത്.
ഒരു ലിറ്റർ വെള്ളത്തിൽ നിന്നും 80 ശതമാനം ഡീസൽ സാന്നിദ്ധ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.കോർപ്പറേഷൻ ഫുഡ് ഇൻസ്പെക്ടർ ഷൈനി,സി.സുരേഷ് കുമാർ,കൗൺസിലർ കെ.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.നിലവിൽ പമ്പിന് നോട്ടീസ് അയക്കുകയും കിണറുകളിൽ നിന്ന് ശേഖരിച്ച വെള്ളം പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ വിൽപ്പന നിർത്തണമെന്ന് പമ്പ് ഉടമയോട് ആവശ്യപ്പെട്ടെങ്കിലും വിൽപ്പന നിർത്തി വയ്ക്കാൻ പമ്പ് ഉടമ തയ്യാറായില്ലെന്നും പരാതിയുണ്ട്. മേയർ ഇ.പി.ലത സ്ഥലം സന്ദർശിച്ചു.
പമ്പിൽ നിന്ന് പുറത്താക്കിയ ജീവനക്കാരൻ സമീപത്തെ വീടുകളിൽ ഡീസൽ ഒഴിച്ചതാകാമെന്നാണ് പമ്പുടമയുടെ വിശദീകരണം. എന്നാൽ ഇതു ജനങ്ങൾ വിശ്വസിക്കുന്നില്ല. ടാങ്ക് ചോർച്ചയാണ് കിണറുകളിൽ ഡീസൽ എത്താൻ കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.