കൊട്ടിയൂർ: അമ്പായത്തോട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അമ്പായത്തോട് ടൗണിനോട് ചേർന്ന ആഞ്ചേരി മാത്യുവിന്റെ കൃഷിയിടത്തിൽ കാട്ടാന നാശം വിതച്ചത്.ഇവിടെയുണ്ടായിരുന്ന വാഴയും തെങ്ങുമുൾപ്പെടെയുള്ള നിരവധി കാർഷിക വിളകൾ ആന നശിപ്പിച്ചു.

വന്യമൃഗങ്ങളെത്തടയാൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലികൾ തകർത്താണ് ആന ജനവാസ മേഖലയിൽ എത്തിയത്.പ്രളയത്തിൽ ഈ വൈദ്യുത വേലികൾ ഭാഗികമായി തകർന്നിരുന്നു. ആനയുടെ ആക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ തടയാൻ സഹായിക്കുന്ന വൈദ്യുത വേലികൾ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.


നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ പ്രകടനം
തലശ്ശേരി: മുസ്ലിംലീഗിൽ നിന്ന് ഒരു വിഭാഗം നേതാക്കളെപുറത്താക്കിയതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റ് എ.കെ അബൂട്ടി ഹാജിയുടെ വ്യക്തിവിരോധം തീർക്കാൻ നേതാക്കളായ എ.കെ.മുസ്തഫയേയും പി.നൗഷാദിനേയും സസ്പന്റ് ചെയ്ത നടപടി ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം.

തലശ്ശേരിയിൽ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പരിണത ഫലമായിട്ടാണ് ഈ പുറത്താക്കൽ നടപടി. വ്യക്തിപരമായ വിരോധം അധികാര കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ചിലരുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് എ.കെ.മുസ്തഫയും പി.നൗഷാദും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഐ.എൻ.എൽ നേതാവിന്റെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ പ്രസംഗവുമായി ബന്ധപ്പെട്ട് തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജിക്കെതിരെ വന്ന ആരോപണങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായ സംഭവത്തിൽ ജില്ലാകമ്മിറ്റി ഇടപെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് നേതാക്കളുടെ സസ് പെൻഷനിൽ കലാശിച്ചിരിക്കുന്നത്. വനിത മെമ്പർമാർ അടക്കം പ്രധാനപ്പെട്ട പ്രവർത്തകന്മാർ ഉൾപ്പെടുന്ന വാട്ട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോ പുറത്ത് വന്നതിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് കാണിച്ചാണ് ഇരുനേതാക്കൾക്കെതിരെ നേതൃത്വത്തെ കൊണ്ട് നടപടിയെടുപ്പിച്ചതെന്നും മണ്ഡലം പ്രസിഡന്റിനെ എതിർക്കുന്നവർ പറയുന്നു. ജില്ലാ സെക്രട്ടറിയും തങ്ങൾക്കെതിരെ നടപടിയെടുക്കാൻ കൂട്ടുനിന്നെന്നും ഇവർ ആരോപിക്കുന്നുണ്ട്.തലശ്ശേരി ലീഗിലെ പ്രശ്‌നങ്ങൾ സംസ്ഥാന ജില്ലാ തലത്തിൽ എത്തിക്കാനാണ് മുസ്തഫയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നീക്കം .ഇതിന് പിന്നാലെയാണ് ഇന്നലെ നഗരത്തിൽ പ്രകടനം നടന്നത്.


പയ്യന്നൂരിൽ നൂറ് വനിതകളുടെ ചരടുകുത്തി കോൽക്കളി

പയ്യന്നൂർ: അന്താരാഷ്ട്ര വനിതാ ദിനവും ഫോക്‌ലാന്റിന്റെ മുപ്പതാം വാർഷികവും പ്രമാണിച്ച് പയ്യന്നൂരിൽ നൂറോളം വനിതകളുടെ ചരടുകുത്തി കോൽക്കളി അരങ്ങേറും.8 ന് വൈകീട്ട് 4ന് ഷേണായി സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ വിവിധ ഗുരുക്കൻമാരുടെ ശിക്ഷണത്തിൽ കളി അഭ്യസിച്ച നാല് ഗ്രൂപ്പുകളിൽ നിന്നുള്ള വനിതകളാണ് പങ്കെടുക്കുന്നത്.ചലനം കുടുംബശ്രീ, മഹാത്മാ,അഷ്ടമച്ചാൽ കലാസംഘം,മഹാദേവ ഗ്രാമം എന്നീ നാല് സംഘങ്ങളിൽ നിന്നുള്ള നൂറോളം വനിതകളാണ് ചരട്കുത്തി കോൽക്കളി അവതരിപ്പിക്കുന്നത്.
കോൽക്കളി ഗുരുക്കൾ കെ.ശിവകുമാർ കോഡിനേറ്ററായിരിക്കും.ഉൽഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി.ജ്യോതി അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ:
പി.കെ.രജുല മുഖ്യാതിഥിയായിരിക്കും. ഫോക് ലാന്റ് ചെയർമാൻ ഡോ: വി.ജയരാജൻ ആമുഖഭാഷണം നടത്തും.