കണ്ണൂർ: കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട കണ്ണൂർ, കാസർകോട് ലോകസഭാ മണ്ഡലങ്ങൾ തിരിച്ച് പിടിക്കാൻ ആഹ്വാനം ചെയ്ത് കണ്ണൂർ ഡി.സി.സി നേതൃയോഗം.ബൂത്ത്തലം മുതൽ പ്രത്യേക പ്രവർത്ത രീതി ആവിഷ്‌ക്കരിച്ച് കാര്യക്ഷമമായി തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം നിർവ്വഹിക്കാനും ഓരോ നേതാക്കളും ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്രമരഹിതമായി പ്രവർത്തന രംഗത്ത് സജീവമാകാനും തീരുമാനമെടുത്തു.

ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനം മാർച്ച് മാസം തന്നെ നടത്താനും യോഗത്തിൽ ധാരണയായി.

എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി മാർച്ച് 14 ന് കോഴിക്കോട് കടപ്പുറത്ത് പങ്കെടുക്കുന്ന മഹാറാലിയിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും വാഹനങ്ങളിൽ പതിനായിരത്തോളം പ്രവർത്തകരെ എത്തിക്കാനും നേതൃയോഗത്തിൽ തീരുമാനമായി.

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ചമൻ ഫർസാന പ്രഭാഷണം നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.ഏ.ഡി മുസ്തഫ, എം.നാരായണൻകുട്ടി, അഡ്വ. മാർട്ടിൻ ജോർജ്, മമ്പറം ദിവാകരൻ, എം.പി.മുരളി,സോണി സെബാസ്റ്റ്യൻ, വി.സുരേന്ദ്രൻ മാസ്റ്റർ, ചാക്കോ പാലക്കലോടി, തോമസ് വെക്കത്താനം, പി.സി. ഷാജി, വി.വി.പുരുഷോത്തമൻ, എം.പി.ഉണ്ണികൃഷ്ണൻ, പി.ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.കെ.സി. മുഹമ്മദ് ഫൈസൽ സ്വാഗതവും ടി.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

ബി.ജെ.പി.പരിവർത്തന ജാഥ കണ്ണൂർ ജില്ലയിൽ

പയ്യന്നൂർ: വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് നയിക്കുന്ന ഉത്തരമേഖല പരിവർത്തന ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.ഇന്നലെ വൈകീട്ട് ജില്ലാ അതിർത്തിയായ ഒളവറയിൽ ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ജാഥയെ കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു.
ജില്ലാ പ്രസിഡന്റ് സത്യപ്രകാശൻ , വൈസ് പ്രസിഡന്റ് ജയപ്രകാശ് കൂട്ട, ജില്ലാ ജനറൽ സെക്രട്ടറി.കെ.കെ. വിനോദൻ മാസ്റ്റർ, ആനിയമ്മ , രാജഗോപാലൻ , മണ്ഡലം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് .ടി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി.മേഖല പ്രസിഡന്റ് വി.വി.രാജേഷ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി റിനീഷ്, കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ' കെ ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. സി.കെ.രമേശൻ സ്വാഗതം പറഞ്ഞു.

ഇരു മുന്നണികളും രഹസ്യ ബാന്ധവം നിർത്തണം. എം.ടി.രമേശ്.

പയ്യന്നൂർ: അഖിലേന്ത്യാ തലത്തിൽ എല്ലാ സ്ഥലത്തും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ്സും സി.പി.എമ്മും കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് നിർത്തണമെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.പാർട്ടി ചിഹ്നം കണ്ടാൽ വോട്ട് ചെയ്യുന്ന പഴയ പ്രതാപമൊന്നും ഇന്ന് കേരളത്തിൽ സി.പി.എമ്മിന് ഇല്ല.

നിലവിലെ എം.എൽ.എ മാരെയും സ്വതന്ത്ര്യന്മാരെയും അടവുനയമെന്ന ഓമനപേരിൽ മൽസരിപ്പിച്ച് ജയിക്കാനാകുമോയെന്നതാണ് സി.പി.എമ്മിന്റെ നോട്ടം. പക്ഷെ ഇത്തവണ കേരള ജനതയെ കബളിപ്പിക്കാൻ ഇവർക്കാവില്ല.അഴിമതി രഹിതവും വികസന വിപ്ലവവുമായ ഭരണത്തിലൂടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഉത്തരമേഖലാ പരിവർത്തൻ യാത്രയ്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
യാത്രയുടെ രണ്ടാം ദിന പര്യടനം പഴയങ്ങാടിയിൽ സമാപിച്ചു.


പി കണ്ണൻ നായർ ദിനാചരണം
പയ്യന്നൂർ : സി പി എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ജനറൽ മാനേജരുമായിരുന്ന പി കണ്ണൻ നായർ ദിനാചരണം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്നു. സിപി എം ജില്ല സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ടി .ഐ. മധുസൂദനൻ അദ്ധ്യക്ഷനായി.സി കൃഷ്ണൻ എം എൽ എ,വി നാരായണൻ, പി സന്തോഷ്,
കെ വി ഗോവിന്ദൻ , കെ പി മധു തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധിച്ചു.
മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രം വക സ്വകാര്യ റോഡരികിൽ ലോട്ടറി കച്ചവടം നടത്തിവരുന്ന വഴിയോരകച്ചവടക്കാരന്റെ വ്യാപാര സാധനങ്ങൾ ബലമായി എടുത്ത് കൊണ്ടുപോയ മട്ടന്നൂർ മുനിസിപ്പൽ വൈസ് ചെയർമാന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ നടപടിയിൽ യു.ഡി.എഫ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.യോഗത്തിൽ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എം.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു,വി.ആർ ഭാസ്‌കരൻ,ടി.വി രവീന്ദ്രൻ,കെ.വി ജയചന്ദ്രൻ,പി.പി ജലീൽ,വി.എൻ മുഹമ്മദ്,എ.കെ രാജേഷ്,വി.കുഞ്ഞിരാമൻ,എം.സി കുഞ്ഞഹമ്മദ്,മാവില സുരേഷ്,ടി.ദിനേശൻ,കെ മനീഷ്,സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മാലിന്യം തള്ളിയവർക്കെതിരെ നടപടി വേണം

ഇരിട്ടി : തില്ലങ്കേരി പഞ്ചായത്തിലെ പുല്ലാട്ടേ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് തില്ലങ്കേരി വവേകാനന്ദ സ്വാശ്രയ സംഘം അധികൃതരോട് ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് സി.കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ. കുഞ്ഞനന്തൻ , എം. വി. ശ്രീധരൻ, കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥിനിയെ ഇടിച്ച വാഹനം പോലീസ് പിടിയിൽ
ഉളിക്കൽ : കഴിഞ്ഞ മാസം 20 ന് ഉച്ചക്ക് ഉളിക്കൽ ടൗണിൽ ബസ്സിറങ്ങി റോഡരികിലൂടെ നടന്നു വരികയായിരുന്ന ഉളിക്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ച ശേഷം നിർത്താതെ കടന്നുപോയ ആലുവ സ്വദേശി ചാലയിൽ ഹൗസ് റിയാസിനെ (30) പ്രതിയെ ഉളിക്കൽ എ .എസ് . ഐ നാസർ പൊയിലന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വാഹനവും ഡ്രൈവറേയും എറണാകുളം വെണ്ണല ഭാഗത്ത് നിന്നും കണ്ടെത്തി ഉളിക്കൽ സ്റ്റേഷനിലെത്തിച്ചു. 50 ഓളം സി സി ടീവികൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഈയാളെ കണ്ടെത്താനായത്.

പെരുംചെല്ലൂർ സംഗീതസഭയിൽ കച്ചേരിയുമായി ശരത്
തളിപ്പറമ്പ്: പെരുംചെല്ലൂർ സംഗീത സഭയുടെ നാല്പത്തിനാലാം കച്ചേരിയിൽ പ്രശസ്ത സംഗീതജ്ഞൻ ശരത്തിന്റെ സംഗീതാർച്ചന. ആനന്ദ് ജയറാം (വയലിൻ)​,​നാഞ്ചിൽ അരുൾ(മൃദംഗം)​,​മധു ആറ്റിങ്ങൽ(ഘടം)​ എന്നിവർ പക്കമേളമൊരുക്കി.എ. വി. വേണുഗോപാൽ, സുരേഷ് ശ്രീധർ എന്നിവർ കലാകാരന്മാരെ ആദരിച്ചു. വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു.

ഉത്തരമേഖല പരിവർത്തന യാത്രക്ക് 8 ന് പാനൂരിൽ സ്വീകരണം

പാനൂർ: കേരളം മോദിയോടൊപ്പം വീണ്ടും വേണം മോദി ഭരണം ' എന്നീ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് നയിക്കുന്ന ഉത്തരമേഖല പരിവർത്തന യാത്രയ്ക്ക് 8 ന് രാവിലെ 11 മണിക്ക് സ്വീകരണം നല്കും. ചമ്പാട് വച്ച് ജാഥാ നായകനെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയായ പാനൂർ ബസ് സ്റ്റാൻഡിലേക്ക് ആനയിക്കും. വാർത്ത സമ്മേളനത്തിൽ ബി.ജെ.പി നേതാക്കളായ വി.സി സുരേന്ദ്രൻ, സി.കെ.കുഞ്ഞിക്കണ്ണൻ, കെ.കെ.ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി സംബന്ധിച്ചു.



യു ഡി എഫ് പ്രതിഷേധ മാർച്ച്

പാനൂർ: പാനൂർ നഗരസഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തി മുന്നോട്ട് പോകുന്ന എൽ.ഡി എഫ് സർക്കാരിന്റെയും സ്ഥലം എം.എൽ എ യും മന്ത്രിയുമായ മന്ത്രി ശൈലജ ടീച്ചറുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ യു ഡി .എഫ് ഇന്ന് മൂന്നു മണിക്ക് പാനൂരിൽ എം .എൽ. എ യുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് എം .എൽ. എ യുടെ ക്യാമ്പ് ഓഫീസ് പരിസരത്ത് ഐ.എൻ ടി യു സി അഖിലെന്ത്യ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും .വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺകെ.വി റംല ടീച്ചർ, വി.സുരേന്ദ്രൻ, ഇ എ നാസർ, പി.കെ ഹാഷിം പി.കെ.ഷാഹുൽ ഹമീദ് പി.പി സലാം പങ്കെടുത്തു.

പരിവർത്തന യാത്ര ഇന്ന് ഇരിട്ടിയിൽ

ഇരിട്ടി: ബി.ജെ.പി സംസ്ഥാന ജന: സെക്രട്ടറി എം.ടി .രമേശ് നയിക്കുന്ന ഉത്തര മേഖല പരിവർത്തന യാത്രക്കു വ്യാഴാഴ്ച 12 മണിക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും .

പി.എസ്. ശിഷിത സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കർ
ഇരിട്ടി : സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കറായി പി. എസ് . ശിഷിതയെ തിരഞ്ഞെടുത്തു . ആറളം ഫാം വളയംചാൽ ബ്ലോക്ക് ഒമ്പതിലെ അൻപത്തിയൊന്നാം നമ്പർ അംഗൻവാടിയിലെ വർക്കർ ആണ് കീഴ്പ്പള്ളി അത്തിക്കൽ സ്വദേശിനിയായ ശിഷിത.
ആറളം വന്യജീവി സങ്കേതത്തോട് ചേർന്നാണ് വളയം ചാലിലെ ഈ അംഗൻവാടി പ്രവർത്തിച്ചുവരുന്നത് . വന്യജീവിശല്യം രൂക്ഷമായ ആറളത്ത് ജീവൻ പണയപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനം.ഇരിട്ടി ഐ. സി .ഡി. എസിന്റെ കീഴിലുള്ള ആറളം പഞ്ചായത്തിലെ ആറാം വാർഡിലെ ഈ അംഗൻവാടിയിൽ 24 കുട്ടികളാണ് ഉള്ളത് . കുട്ടികളുടെ വ്യക്തിത്വ രൂപീകരണം , ശുചിത്വ പരിപാലനം , ജനപങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം , വൃത്തിയോടെയുള്ള ഭക്ഷണവിതരണം, പച്ചക്കറികൃഷി , പൂന്തോട്ടം , പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളിലെ മികവ് കണക്കിലെടുത്താണ് സംസ്ഥാന അവാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . നേരത്തെ പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ തലത്തിലും ശിഷിതയെ തെരഞ്ഞെടുത്തിരുന്നു .നാളെ വനിതാ ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.

തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്

കൊട്ടിയൂർ: ചപ്പമല കരിമ്പുംകണ്ടത്ത് തൊഴിലുറപ്പ് പ്രവൃത്തി നടത്തുന്നതിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.ലീലാമ്മ ചന്തമാക്കൽ, ആശ വള്ളിക്കുന്നേൽ, എൽസി നെടുങ്കല്ലേൽ, മേരിക്കുട്ടി നെടുങ്കല്ലേൽ, ആനി മങ്കുത്തേൽ, അന്നമ്മ മണ്ണെടുപ്പാംകുഴിയിൽ, 5 വയസുകാരി ആൻമരിയ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.ഇവരിൽ സാരമായി പരിക്കേറ്റ ലീലാമ്മയേയും ആശയേയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരിട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.