കാഞ്ഞങ്ങാട്: ഏഴു സംഘങ്ങളിൽപ്പെട്ട 13 ഗുണഭോക്താക്കളുടെ മാർച്ച് 31 വരെയുള്ള വായ്പാ കുടിശ്ശിക 9,74,905 രൂപ ജില്ലയിൽ എഴുതിത്തള്ളി. മത്സ്യബന്ധന ഉപകരണ വായ്പാ കൈപ്പറ്റി മരണപ്പെട്ട 9 ഗുണഭോക്താക്കളുടെ വ്യക്തിഗത ബാധ്യതയായ 6,08,878 രൂപയും സ്വയംതൊഴിൽ വായ്പയെടുത്ത ഒരു ഗുണഭോക്താവിന്റെ വ്യക്തിഗത ബാധ്യതയായ 1,03,363 രൂപയും അസുഖ ബാധിതരായി കഴിയുന്ന വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത 4 പേരുടെ 2,62,664 രൂപയുമാണ് എഴുതിത്തള്ളിയത്..

മീനാപ്പീസ് കടപ്പുറത്തു പണയരേഖ വിതരണം മത്സ്യഫെഡ് സംസ്ഥാന ഭരണ സമിതിയംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രമാണ വിതരണ-ഉത്തരവ് കൈമാറ്റ ചടങ്ങിൽ മത്സ്യഫെഡ് ജില്ലാ മാനേജർ കെ. വനജ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജൂനിയർ സൂപ്രണ്ട് രാജേഷ്, കടാശ്വാസ കമ്മീഷൻ മുൻ അംഗം ആർ. ഗംഗാധരൻ, മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധി ഗണേശൻ, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ ബാബു, ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ സെക്രട്ടറി ടി.വി രമേശൻ, ധീവരസഭ ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ, എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജർ കെ. എച്ച് ഷെറീഫ് സ്വാഗതവും പ്രൊജക്ട് ഓഫീസർ എം.കെ മേഘ നന്ദിയും പറഞ്ഞു.

കളിയാട്ടം
പനയാൽ: അടിയോടി പുതിയപള്ളത്തിങ്കാൽ തറവാട് കളിയാട്ട മഹോത്സവം ഏപ്രിൽ ഒന്ന്, രണ്ട് തീയ്യതികളിൽ നടക്കും. ആഘോഷകമ്മറ്റി രൂപീകരണയോഗത്തിൽ ശങ്കരൻ അടിയോടി അധ്യക്ഷനായി. ഭാരവാഹികൾ- എ. സുകുമാരൻ അടിയോടി (പ്രസിഡന്റ്), എ. രാഘവൻ അടിയോടി (സെക്രട്ടറി), എ. രത്‌നാകരൻ അടിയോടി (ട്രഷറർ).

സ്കൂളുകൾക്ക് ബെഞ്ചും ‌ഡെസ്കും നൽകി

കാഞ്ഞങ്ങാട് - അജാനൂർ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്കനുവദിച്ച ഡെസ്‌ക്, ബെഞ്ച്, ഷെൽഫ് എന്നിവയുടെ വിതരണോദ്ഘാടനം കിഴക്കുംകര മുച്ചിലോട്ട് ഗവ എൽ.പി സ്‌കൂളിൽ പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബാബു അധ്യക്ഷനായിരുന്നു. എം.വി. രാഘവൻ, കെ. മോഹനൻ, ഷൈജിനി, കെ.വി.ചന്തു തുടങ്ങിയവർ സംസാരിച്ചു. ഉഷ സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു.

ഒറ്റക്കോല മഹോത്സവം

പുല്ലൂർ: വിഷ്ണുമൂർത്തി ക്ഷേത്ര അരയാൽകീഴിൽ ഒറ്റക്കോല മഹോത്സവം ഒമ്പത്, 10, 11 തീയ്യതികളിൽ നടക്കും.
നാളെ രാവിലെ ഒമ്പത് മുതൽ കലവറ നിറയ്ക്കൽ. 10ന് വൈകിട്ട് ആറിന് ദീപവും തിരിയും എഴുന്നള്ളത്ത്, തുടർന്ന് തെയ്യംകൂടൽ, രാത്രി 7.30ന് അന്നദാനം, ഒമ്പതിന് നാടകം, വിളക്കാട്ടം, 11 ന് കുളിച്ചുതോറ്റം, കരിമരുന്ന് പ്രയോഗം, 12 ന് പനിയൻ തെയ്യം, ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 11ന്പുലർച്ചെ നാലിന് വിഷ്ണുമൂർത്തിയുടെ അഗ്‌നിപ്രവേശം.

ലാപ്‌ടോപ്പ് വിതരണം

കാഞ്ഞങ്ങാട് - പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് അനുവദിച്ച ലാപ്‌ടോപ്പ് വിതരണോദ്ഘാടനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ നിർവഹിച്ചു. എം.വി. രാഘവൻ അധ്യക്ഷനായി.
ബഷീർ വെള്ളിക്കോത്ത്, സതി, എം. ഗോപാലൻ, മാധവൻ, പത്മനാഭൻ, ശാന്തകുമാരി, ഓമന, പാർവതി, സൗമ്യ, ലീല എന്നിവർ സംസാരിച്ചു. ഷാജഹാൻ സ്വാഗതവും ചഞ്ചലകുമാരി നന്ദിയും പറഞ്ഞു.

കുടുംബസംഗമം
കാഞ്ഞങ്ങാട് : പള്ളിക്കര കൂട്ടക്കനിയിൽ താമസം തുടങ്ങിയ കുടുംബങ്ങളുടെ പിൻമുറക്കാർ കുടുംബകം എന്ന പേരിൽ കുടുംബ മഹാസംഗമം നടത്തി. വയോവൃദ്ധരായ കല്ല്യാണിഅമ്മ, മൊട്ടമ്മൽ നാരായണിയമ്മ, തെക്കേവീട്, കമ്മാടത്തുഅമ്മ കൂട്ടക്കനി, ഭാർഗ്ഗവിഅമ്മ നാട്ടാങ്കല്ല്, പി.കെ. മാധവൻ തായത്ത് വീട്, കെ. നാരായണൻ അരയി, എൻ.എ. രവീന്ദ്രൻ എന്നിവർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. കെ.എ. ജയരാജ് കൂട്ടക്കനി അദ്ധ്യക്ഷതവഹിച്ചു. എം.എം. പ്രേംകുമാർ, എൻ.എ. അശോകൻ, പി.എ. ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജയരാജ് (പ്രസിഡന്റ്), എൻ.എ. അശോകൻ, വി.എ. ബാലൻ (വൈസ് പ്രസിഡന്റുമാർ), എം.എം. പ്രേംകുമാർ (സെക്രട്ടറി), എ. രവീന്ദ്രൻ, പി.എ. പ്രേമാവതി (ജോയിന്റ് സെക്രട്ടറി) ജയൻതെക്കുംവീട് (ട്രഷറർ).

കൂട്ടു പ്രാർത്ഥന
പടന്നക്കാട് : ഒഴിഞ്ഞവളപ്പ് ഫലാഹ് നഗർ ഫലാഹ് മുസ്ലിം ജമാഅത്ത് കമ്മിറ്റി മാസംതോറും നടത്തുന്ന മഹ്‌ളറത്തുൽ ബദ്രിയയും കൂട്ടപ്രാർത്ഥനയും ഇന്നു വൈകുന്നേരം 7ന് ഫലാഹ് ജുമാമസ്ജിദിൽ നടക്കും. അബ്ദുൾ ജബ്ബാർ തങ്ങൾ ഹൈദ്രുസി നേതൃത്വം നൽകും. അബ്ദുൾ റഹിമാൻ അശ്‌റഫി മുഖ്യപ്രഭാഷണം നടത്തും.

സിവിൽ സർവീസ് കോഴ്സ്

കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കാഞ്ഞങ്ങാട്, ഉൾപ്പെടെയുള്ള ഉപകേന്ദ്രങ്ങളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ
ക്ഷണിച്ചു. ഏപ്രിൽ മൂന്നുമുതൽ മേയ് 17 വരെയാണ് കോഴ്‌സിന്റെ കാലാവധി. പ്രവേശനത്തിനുള്ള അപേക്ഷാഫോറം അതത് കേന്ദ്രങ്ങളിലെ ഓഫീസിൽനിന്ന് നേരിട്ട് ലഭിക്കും. ഫോൺ: കാഞ്ഞങ്ങാട്- 8281098876.

പൂർവവിദ്യാർത്ഥി സംഘടനായോഗം

ഹൊസ്ദുർഗ്: ഹൊസ്ദുർഗ് യു.ബി.എം.സി ചർച്ച് എ.എൽ.പി.സ്‌കൂളിൽ പൂർവവിദ്യാർത്ഥി സംഘടനായോഗം നാളെ വൈകുന്നേരം 3ന് നടക്കും. ബന്ധപ്പെടേണ്ട നമ്പർ - 9495337651.