തലശ്ശേരി: തെരുവ് നായയുടെ പരാക്രമത്തിൽ രണ്ടര വയസുകാരി മുതൽ 73 വയസു വരെയുള്ള നിരവധി പേർക്ക് കടിയേറ്റു ഇന്നലെ രാവിലെ 9 മണിയോടെ ഒളവിലം, ചൊക്ലി ഭാഗങ്ങളിലാണ് പട്ടികൾ അക്രമകാരികളായത്. റോഡ് പണിക്കെത്തിയ വള്ള്യായിലെ മോഹനൻ (60), ബീഹാർ സ്വദേശി കൃഷ്ണകുമാർ (22), നയന 49ചൊക്ലി, പള്ളുർ സ്വദേശികളായ വിനയ് ( 69) നസീം (35), പ്രസൂൺ (36) ഫിറോസ് 38 നടുവ നാട്, മേക്കുന്നിലെ ജാനകി (73), കദീജ (60), പ്രസീത ( 58), ഒളവിലത്തെ മോഹിനി (54), ബീന (32), ആമിന (രണ്ടര) നമ്പീസ (60) ചെബാട് സ്വദേശി റയിസ് (9) ലീല (68) ഇരിട്ടിയിലെ ലിസി (57) എന്നിവർക്കാണ് കടിയേറ്റത്. ജോലിക്ക് എത്തിയവരും കടയിൽ സാധനങ്ങൾ വാങ്ങാൻ പോയവരുമെല്ലാം പട്ടിയുടെ അക്രമത്തിനിരയായി.പരിക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ബുധനാഴ്ച പന്തക്കൽ ഭാഗത്ത് പതിനഞ്ച് പേരെ തെരുവ് നായ കടിച്ചിരുന്നു.
ജില്ലയിലെ ആദ്യ ഓൺലൈൻ എക്‌സാം സെന്റർ കൂത്തുപറമ്പിൽ
കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിൽ തുടങ്ങുന്ന ജില്ലയിലെ ആദ്യ ഓൺലൈൻ എക്‌സാം സെന്ററിന്റെ നിർമാണം മാങ്ങാട്ടിടത്ത് ആരംഭിച്ചു. നൂതന രീതിയിലുള്ള റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്‌നോളജി ഉപയോഗിച്ചുള്ള കെട്ടിടമാണ് മാങ്ങാട്ടിടം കോയിലോട്ടെ നിർദ്ദിഷ്ട ഗ്യാസ് ക്രിമിട്ടോറിയത്തിന് സമീപം നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി പണിയുന്ന കെട്ടിടത്തിൽ ഒരേ സമയം നൂറ്റി അൻപതോളം പേർക്ക് പരീക്ഷ എഴുതാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.
താഴത്തെ നിലയിൽ നാല് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യവും ഒരുക്കും. ജില്ലയിൽ ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ ഓൺലൈൻ എക്‌സാം സെന്റർ നിർമ്മിക്കുന്നത്. ഏറ്റവും പുതിയ നിർമ്മാണ രീതിയായ റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്‌നോജി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. എറണാകുളം അമ്പലമുകളിലെ എഫ്.എ.സി.ടി.യിൽ ഉത്പാതിപ്പിക്കുന്ന പ്രത്യേക രീതിയിലുള്ള ജി.എഫ്.ആർ.ജി. ചാനൽ ഉപയോഗിച്ചാണ് കെട്ടിട നിർമാണം. നിലവിലുള്ള നിർമാണ രീതി അനുസരിച്ച് 30 ശതമാനം വരെ ലാഭകരമാണെന്നതോടൊപ്പം ദിവസങ്ങൾക്കകം കെട്ടിട നിർമാണം പൂർത്തീകരിക്കാമെന്നതാണ് ജി.എഫ്. ആർ. ജി.ചാനലിന്റെ പ്രത്യേകത. മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പിലാക്കുന്ന റർബൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടിരൂപ ചിലവിലാണ് ഓൺലൈൻ എക്‌സാം സെന്റർ നിർമ്മിക്കുന്നത്. അടുത്ത മാസംനിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ജില്ലയിലെ ആദ്യത്തെ ഓൺലൈൻ എക്‌സാമിനേഷൻ സെന്ററായി മാങ്ങാട്ടിടം മാറും.