ജില്ലാ പഞ്ചായത്തിന്റെ വിത്തുപത്തായം തുടങ്ങി
കണ്ണൂർ: അത്യുത്പ്പാദന ശേഷിയുള്ള വിത്ത് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച വിത്തുപത്തായം പദ്ധതിക്ക് തുടക്കം. 10 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള വിത്ത് ലഭിക്കുന്ന വൈൻഡിംഗ് മെഷീൻ കണ്ണൂരിൽ സ്ഥാപിച്ചു. പണം നിക്ഷേപിച്ച് ആവശ്യമായ കോഡ് രേഖപ്പെടുത്തിയാൽ വിത്ത് ആവശ്യക്കാരന്റെ കൈയിലെത്തും. ജില്ലാ കളക്ടർ മീർ മുഹമ്മദലി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മൃഗാശുപത്രി എന്നിവയ്ക്ക് സമീപങ്ങളിലാണ് മൂന്ന് വിത്ത് പത്തായങ്ങൾ സ്ഥാപിച്ചത്. ഒരു തവണ ഒരിനം വിത്ത് മാത്രമാണ് ലഭ്യമാവുക. ആവശ്യാനുസരണം പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകൾ പത്തായത്തിൽ നിക്ഷേപിക്കാം. ബാക്കി പണം തിരിച്ചുലഭിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഒന്നോ രണ്ടോ വിത്തു പാക്കറ്റുകൾ തിരഞ്ഞെടുക്കാം.
8.4 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. കരിമ്പം ഫാമിൽ നിന്നാണ് വിത്ത് പത്തായത്തിലേക്കാവശ്യമായ അത്യുത്പ്പാദന ശേഷിയുള്ള വിത്തുകൾ എത്തിക്കുന്നത്. ചീര, പയർ, വഴുതന, മത്തൻ കുമ്പളം തുടങ്ങി 16 ഓളം വിത്തിനങ്ങളാണ് പത്തായത്തിലുള്ളത്. 40 ഇനം വിത്തുകൾ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പത്തായത്തിന്റെ നിർമാണം.
ജില്ലാ പഞ്ചായത്തിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് കെ.വി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.കെ. സുരേഷ് ബാബു, കെ.പി. ജയബാലൻ, കെ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, സെക്രട്ടറി വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.