പിലിക്കോട്: മൂന്നു വർഷം മുമ്പ് നിർമ്മിച്ച ചന്തേര അടിപ്പാത വേനലിലും വെള്ളം നിറഞ്ഞുനിൽക്കുന്ന സ്ഥിതിയിൽ റെയിൽവേ മേൽപ്പാലത്തിനു സാധ്യത തെളിയുന്നു. പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്തിനോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
ഇന്നലെ പിലിക്കോട് പഞ്ചായത്ത് ഹാളിൽ കളക്ടർ ഡി. സാജിത്ത്ബാബു പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് മേൽപ്പാലം പദ്ധതിയെക്കുറിച്ചു ധാരണയായത്. ചിലവ് കുറഞ്ഞ ഒറ്റവരി പാതയോടുകൂടിയ രണ്ടര കോടി ചിലവ് വരുന്ന മേൽപ്പാലമാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്.
പ്രാഥമിക പഠനം നടത്തി റിപ്പോർട്ട് കലക്ടർക്ക് നൽകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം. രാജഗോപാലൻ എൽ.എൽ.എ അറിയിച്ചു. കൂടാതെ മൂന്നുവർഷം മുമ്പ് നിർമ്മാണം പൂർത്തിയായ സബ് വേ പള്ളികുന്ന് മാതൃകയിൽ ഗതാഗതയോഗ്യമാക്കാനാകുമോ എന്നതിൽ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി തേടുന്നുണ്ട്.
പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവരുടെ യാത്രക്ലേശത്തിന് പരിഹാരമാക്കുന്നതിന് രണ്ട് കോടി ചിലവിട്ടാണ് അടിപ്പാത പണിതത്. കടുത്ത വേനലിലും വെള്ളകെട്ടും ചളിയും നിറയുന്നതിനാൽ ഇതേ വരേയും വാഹനങ്ങൾ ഓടിയിരുന്നില്ല. കുനത്തൂർ, ചന്തേര, പടിഞ്ഞാറെക്കര മേഖലയിലുള്ളവർ നിലവിൽ നടക്കാവ് ഗേറ്റ്, പിലിക്കോട് മേൽപാലം കടന്നാണ് ദേശീയ പാതയിലെത്തുന്നത്. പടന്ന പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തോട്ടുകര പാലം കൂടി യാഥാർഥ്യമാവുന്നതോടെ ചന്തേരയിലൂടെ ദേശീയപാതയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ അധ്യക്ഷനായി. ജില്ലാ കലക്ടർ ഡി. സജിത്ത് ബാബു വിശദീകരിച്ചു. പി ചെറിയോൻ, കെ ദാമു, നിഷാം പട്ടേൽ, രവീന്ദ്രൻ മാണിയാട്ട്, പി പി കുമാരൻ, ടി.വി നളിനി എന്നിവർ സംസാരിച്ചു.