കാഞ്ഞങ്ങാട്: ഇന്നലെ വൈകിട്ട് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ കൈയാങ്കളി. സംഘർഷത്തിനിടെ ചെയർമാൻ വി.വി രമേശൻ (53), സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.വി ഭാഗീരഥി എന്നിവർക്ക് മർദ്ദനമേറ്റു. ചെയർമാനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗീരഥിയും ചികിത്സ തേടി. ലീഗ് കൗൺസിലർമാരായ കദീജ മജീദ്, മുഹമ്മദ് കുഞ്ഞി, വേലായുധൻ എന്നിവരെ കേരള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അടിയന്തര സ്വഭാവമുള്ള അജണ്ടകളെ ചൊല്ലിയായിരുന്നു കൗൺസിലിൽ ബഹളം തുടങ്ങിയത്. ആദ്യത്തെ മൂന്ന് അജണ്ടകൾ അടിയന്തര പ്രാധാന്യമുള്ളതിനാൽ അംഗീകരിക്കാമെന്നും ബാക്കി അജണ്ടകൾ മാറ്റി വയ്ക്കണമെന്നും ലീഗ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതിനിടയിൽ കൗൺസിലിലെ അംഗബലം വച്ച് അജണ്ടകളെല്ലാെം പാസായതായി അറിയിച്ച് ചെയർമാൻ ചേംബറിൽ നിന്ന് എഴുന്നേൽക്കുന്നതിനിടയിലാണ് അനിഷ്ടകരമായ സംഭവങ്ങൾ അരങ്ങേറിയത്. കൗൺസിൽ ഹാളിന്റെ മുൻനിരയിൽ സ്ഥാനം പിടിച്ച ലീഗ് കൗൺസിലർമാർ ചെയർമാനെ വളയുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. ഇതിനെ സി.പി.എം കൗൺസിലർമാർ എതിർത്തതോടെയാണ് കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
ഒടുവിൽ ചെയർമാനെ സി.പി.എം കൗൺസിലർമാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കൈയാങ്കളി കാഞ്ഞങ്ങാട്ട് ആദ്യസംഭവമാണ്. ലോക വനിതാ ദിനത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട വനിതാ കൗൺസിലർമാർ തമ്മിൽ കൈയാങ്കളിയും പോർവിളികളുമുണ്ടായത്. ഇത് പുരുഷ കൗൺസിലർമാർക്ക് കൗതുകവുമായി.
നഗരസഭ ചെയർമാൻ വി.വി രമേശനെ കൗൺസിൽ ഹാളിൽ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷ കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ. വേണുഗോപാലൻ പ്രസംഗിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി സ്വാഗതം പറഞ്ഞു. അതേസമയംനഗരസഭ ചെയർമാൻ ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നു പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അടിയന്തര പ്രാധാന്യമുള്ള അജണ്ടകൾ മൂന്നെണ്ണമേ ഉണ്ടായിരുന്നിള്ളൂ. മറ്റ് അജണ്ടകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ കൗൺസിലർമാർക്ക് അധികാരമുണ്ട്. അതു വകവച്ചു തരാൻ ചെയർമാൻ തയാറായില്ലെന്ന് കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ, ടി.കെ സുമയ്യ എന്നിവർ പറഞ്ഞു.
ചെയർമാനെയും വനിതാസ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സനെയും കൗൺസിൽ യോഗത്തിൽ വെച്ച് മർദിച്ച യു.ഡി.എഫ് കൗൺസിലർമാരുടെ നടപടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ്ചന്ദ്രനും അപലപിച്ചു. നഗരപിതാവിനെ ആക്രമിച്ച് ആത്മവീര്യം തകർത്ത് കാഞ്ഞങ്ങാടിന്റെ വികസനം അട്ടിമറിച്ച് കളയാമെന്നത് യു.ഡി.എഫിന്റെ വ്യാമോഹം മാത്രമാണെന്ന് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.വി.രമേശനെ സന്ദർശിച്ച നേതാക്കൾ പറഞ്ഞു.