കാസർകോട്: പെരിയയിൽ സി.പി.എം പ്രാദേശികനേതാവിന്റെ കംപ്രസർ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ ആരോപണവിധേയനായ കല്യോട്ടെ ശാസ്താഗംഗാധരന്റെ കംപ്രസറാണ് കത്തിച്ചത്. ഇയാളുടെ ഉടമസ്ഥയിലുള്ള ആയമ്പാറയിലെ കരിങ്കൽക്വാറിക്ക് സമീപം നിർത്തിയിട്ട പാറ പൊട്ടിക്കാനുപയോഗിക്കുന്ന കംപ്രസറാണ് കഴിഞ്ഞരാത്രി കത്തിയനിലയിൽ കണ്ടത്.

ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് ശാസ്താഗംഗാധരന്റെ കാറുകളും ജീപ്പുകളും അടക്കമുള്ള വാഹനങ്ങൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തെ തുടർന്ന് ഗംഗാധരനും കുടുംബവും കല്യോട്ടെ വീടുപൂട്ടി താമസം മാറ്റിയിരിക്കുകയാണ്. ഗംഗാധരന്റെ ഉടമസ്ഥതയിൽ പന്ത്രണ്ടോളം വാഹനങ്ങളുണ്ട്. കേസിൽ പ്രതിയായ ഗംഗാധരന്റെ മകൻ ഗിജിൻ ഇപ്പോൾ ജയിലിൽ ആണ്.

കിനാത്തിൽ വായനശാലയ്ക്ക് എപ്ലസ് അംഗീകാരം

തൃക്കരിപ്പൂർ: കിനാത്തിൽ സാംസ്‌കാരിക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എപ്ലസ് അംഗീകാരം. വായനശാലയും ഗ്രന്ഥശാലയും നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് എപ്ലസ് പദവി ലഭിച്ചത്. 1955ൽ ഒരുകൊച്ചുമുറിയിലാണ് വായനശാല പ്രവർത്തനം ആരംഭിച്ചത്. 633 മെമ്പർമാരുള്ള വായനശാലയിൽ വിവിധ ഭാഷകളിലുള്ള 13,642 പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ബാലവേദി കലോത്സവങ്ങളിൽ കഴിഞ്ഞ വർഷം വരെയും താലൂക്ക് ജില്ലതല ഓവറോൾ ചാമ്പ്യൻമാരാണ് ഗ്രന്ഥാലയത്തിലെ കുരുന്നുകൾ. വനിതകളുടെ നേതൃത്വത്തിലുള്ള വായനാവീടും മാതൃകാപരമായാണ് നടന്നുവരുന്നത്.

വായനാലയുടെ നേതൃത്വത്തിൽ നെൽകൃഷിയും, മറ്റു കൃഷികളും വിജയകരമായി നടത്തി വരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി എല്ലാ ശനിയാഴ്ചകളിലും സൗജന്യ മാനസികാരോഗ്യ ക്ലിനിക്കും പ്രവർത്തിക്കുന്നു. സാന്ത്വന പരിചരണം, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങൾക്കു പുറമെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ, തനത് നാടകങ്ങൾ എന്നിവയും വായനശാല സംഘടിപ്പിക്കുന്നുണ്ട്.