കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പേരിൽ വലിയ കള്ളക്കളി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളം ഇന്ന് സ്വകാര്യ പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ കൈയിലാണ്. എന്തിനാണ് സർക്കാറിന്റെ ഉടമസ്ഥതയിലാക്കാൻ സാധിക്കുമായിരുന്ന വിമാനത്താവളത്തെ സ്വകാര്യ പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ പേരിലാക്കിയതെന്ന് ഈ സർക്കാർ മറുപടി പറയേണ്ടതായി വരും.
ചില വ്യക്തികളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനും ഓഹരി ഉടമകളായിട്ടുള്ള വലിയ സാമ്പത്തിക ശക്തികളുടെ താൽപര്യം സംരക്ഷിക്കാനും വേണ്ടി ഒരു പാട് വഴിവിട്ട നീക്കങ്ങൾക്ക് കണ്ണൂർ വിമാനത്താവളം വേദിയാകുന്നു എന്നുള്ളതാണ് വസ്തുത. ഭൂമിയിടപാട് തന്നെ ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. എന്തിനാണ് സർക്കാർ ഓഡിറ്റ് ഭയപ്പെടുന്നത്. വിമാനത്താവളവളത്തിനെ മറയാക്കി സി.പി.എമ്മിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു അജൻഡ മാർക്‌സിസ്റ്റ് പാർട്ടി നടപ്പിലാക്കുന്നുവെന്നും രമേശ് ആരോപിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെൽ കോഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.