കണ്ണൂർ:പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ 419.27 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് കൂടി അംഗീകാരം ലഭ്യമായതായി ശ്രീമതി എം. പി അറിയിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കല്ലിക്കണ്ടി ഏറ്റുപാറ റോഡിനും പാലത്തിനും കൂടിയാണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പൊ അംഗീകാരം ലഭിച്ചിരിക്കുന്നത്. കല്ലിക്കണ്ടിക്ക് കുറുകേയുള്ള 30 മീറ്റർ നീളമുള്ള പാലവും 2.2 കിലോമീറ്റർ റോഡുമാണ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്.
കല്ലിക്കണ്ടി ഏറ്റുപാറ റോഡിന് മൂന്ന് വർഷങ്ങൾക്ക് മുന്നേ തന്നെ അനുമതി ലഭ്യമായിരുന്നെങ്കിലും പാലം കൂടി അനുവദിച്ചാൽ മാത്രമേ റോഡ് നിർമ്മാണം ഉപകാരപ്രദമാവുകയുള്ളൂ. പാലത്തിന് കൂടി അംഗീകാരം നേടിയെടുക്കുന്നതിനായി നിരവധി തവണ നടത്തിയ ഇടപെടലിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് ഇപ്പോൾ കിട്ടിയ അനുമതി. മലയോര പ്രദേശമായ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കല്ലിക്കണ്ടി ഏറ്റുപാറ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ പ്രശ്‌നത്തിനാണ് ഇതോടെ അറുതിയാവുന്നത്. എത്രയും പെട്ടെന്ന് തന്നെ റോഡിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ച് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.