തൃക്കരിപ്പൂർ: സെന്റ് പോൾസ് എ.യു.പി സ്‌കൂൾ എഴുപത്തേഴാം വാർഷികവും യാത്രയയപ്പും 12 ന് നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂളിൽ നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് എം. രാജഗോപാലൻ എം. എൽ.എ ഉദ്ഘാടനംചെയ്യും. ജില്ലയിൽ ആദ്യമായാണ് സ്‌കൂൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്നു അധികൃതർ അറിയിച്ചു. ഉച്ചക്ക് രണ്ടിന് കുട്ടികളുടെ നൃത്ത കലാസമന്വയം. വൈകുന്നേരം ആറിന് സാംസ്‌കാരിക സമ്മേളനം. കണ്ണൂർ രൂപത മാനേജർ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ഉപഹാര സമർപ്പണം, എൻഡോവ്‌മെന്റ് വിതരണം, സമ്മാനദാനം, കലാപരിപാടികൾ എന്നിവ അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഫാദർ ജോസഫ് തണ്ണിക്കോട്, കെ.വി. ശങ്കരൻ, ഖാദർ പാണ്ഡ്യാല, എം.ടി.പി ഷഹീദ്, എം. റഫീഖ്, സി.ഇ.ഒ മധുസൂദനൻ പങ്കെടുത്തു.

ജില്ലാ സ്‌കൂൾ കലോത്സവ സംഘാടകസമിതി പിരിച്ചുവിട്ടു

ചെറുവത്തൂർ: കുട്ടമത്ത് ഗവ:ഹയർ സെക്കൻഡറിയിൽ നടന്ന 59ാ മത് കാസർകോട് റവന്യു ജില്ലാ കേരള സ്‌കൂൾ കലോത്സവ സംഘാടക സമിതി പിരിച്ചുവിട്ടു. കലോത്സവം ജനകീയ മേളയാക്കി മാറ്റിയ കുട്ടമത്തെ പൗരാവലിയെ യോഗം അഭിനന്ദിച്ചു. അടുത്ത വർഷം കാസർകോട് ജില്ലയിൽ വെച്ച് നടക്കുന്ന 60ാ മത് സംസ്ഥാന കേരള സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് വേദി ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. .
ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഗിരീഷ് ചോലയിൽ, പി. സുകുമാരൻ, ടി. സുമതി, ടി. ജനാർദനൻ, കെ. കൃഷ്ണൻ, ചന്ദ്രാംഗദൻ, പി. ഗോപാലകൃഷ്ണൻ, ലതിക എന്നിവർ സംസാരിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം കാസർകോടും സഞ്ചരിക്കുന്ന എൻ.സി.ഡി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പയ്യക്കാൽ ക്ഷേത്ര പരിസരത്ത് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രീ സൂപ്രണ്ട് ഡോ. മനോജ് ജയരാജ് ഉദ്ഘാടനം ചെയ്യും.

പൂരക്കളി അരങ്ങേറ്റം
തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം പുതുതായി ഒരുക്കിയ പൂരക്കളി സംഘത്തിന്റെ അരങ്ങേറ്റം 11 നു വൈകുന്നേരം ഏഴുമണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും.

മുലയൂട്ട് കേന്ദ്രം ഉദ്ഘാടനം

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡിൽ നിർമ്മിച്ച മുലയൂട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാ ദിനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ജി സറീന, കെ. റീത്ത, വാർഡ് മെമ്പർ എം.കെ കുഞ്ഞികൃഷ്ണൻ, അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി എം.കെ ശ്രുതി, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ധനസഹായ വിതരണം നടത്തി
കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്‌കീമിൽ അംഗമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം വിതരണം നടത്തി. ജീവാസ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്‌ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്‌കീമിന്റെ ലോഗോ പ്രകാശനം എ.ഡി.എം. ബിജു നിർവ്വഹിച്ചു.

സി.ഹംസ പാലക്കി പദ്ധതി വിശദീകരണം നടത്തി. സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ, കെ.വി.ലക്ഷ്മണൻ, എ.കെ.മൊയ്തീൻകുഞ്ഞി, ബാലകൃഷ്ണറായ്, മണികണ്ഠൻ, ഷേർളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി സ്വാഗതവും ജില്ലാ ട്രഷറർ മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു.