കാഞ്ഞങ്ങാട്: ഗാന്ധിധാമിൽനിന്ന് നാഗർകോവിലിലേക്ക് പോകുന്ന പ്രതിവാര എക്‌സ്പ്രസിന് ശനിയാഴ്ച മുതൽ കാഞ്ഞങ്ങാട് ഔദ്യോഗികമായി സ്‌റ്റോപ്പായി. 16335 ട്രെയിൻ ശനിയാഴ്ച നാഗർകോവിലിലേക്കും 16336 ബുധനാഴ്ച ഗാന്ധി ധാമിലേക്കും പോകും. ആറു മാസത്തേക്ക് താത്കാലികമായാണ് സ്‌റ്റോപ്പ് അനുവദിച്ചത്. ശനിയാഴ്ച പകൽ മൂന്നിനാണ് കാഞ്ഞങ്ങാട്ട് ട്രെയിൻ എത്തുക. ബുധനാഴ്ച പകൽ 3.19ന് ഗാന്ധിധാമിലേക്കും മടങ്ങും. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ട്രെയിനിന് സ്വീകരണം നൽകി.
തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളുമായും ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ചും യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ട്രെയിൻ. എറണാകുളം-ഓഖ, എക്‌സ്പ്രസ് ട്രെയിൻ ചൊവ്വാഴ്ചയും വെരാവൽ-തിരുവനന്തപുരം വെള്ളിയാഴ്ചയും കാഞ്ഞങ്ങാട് സ്‌റ്റോപ്പുണ്ട്. ഇതോടെ മറ്റൊരു പ്രതിവാര വണ്ടിക്കുകൂടി കാഞ്ഞങ്ങാട് സ്‌റ്റോപ്പായി.