കാസർകോട്: പാരമ്പര്യ ചികിത്സയുടെ മറവിൽ അത്ഭുത സിദ്ധിയും മാന്ത്രിക ചികിത്സയും പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം ഉത്തര മലബാറിൽ സജീവം. വിട്ടു മാറാത്ത രോഗങ്ങൾക്കും സ്ത്രീ രോഗങ്ങൾക്കും ചികിത്സ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കാശ് നേരിട്ട് വാങ്ങാതെ പുറത്ത് ഭണ്ഡാരത്തിൽ ഇടാൻ പ്രേരിപ്പിക്കുന്നതോടെ വിശ്വാസികളായ രോഗികൾ ഭയഭക്തിയോടെ ഇതിൽ കാണിക്ക ഇട്ട് മടങ്ങും. നവ മാദ്ധ്യമങ്ങളിലടക്കം എരിവും പുളിയും ചേർത്ത പ്രചരണത്തിലൂടെയാണ് ഇവർ കൊഴുക്കുന്നത്.

വ്യാജ ചികിത്സകർക്ക് വേണ്ടി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. നിർധന കുടുംബങ്ങളുടെ ദാരിദ്രാവസ്ഥ മുതലെടുത്ത് ചില്ലറ സഹായങ്ങൾ നൽകി പ്രചരിപ്പിച്ചും ഇവർ ജനശ്രദ്ധ നേടുന്നു. ചില തട്ടിക്കൂട്ട് സംഘടനകളെ കൊണ്ട് ആദരിക്കൽ പോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ കാര്യമറിയാതെ ചില വി.ഐ.പികളും ഇതിന് ഇരയാകുന്നുണ്ട്.

ജില്ലാ അതിർത്തിയിലെ നാല് മലയോര ഗ്രാമങ്ങളിലാണ് അടുത്തിടെ അത്ഭുത സിദ്ധി നേടിയ വൈദ്യന്മാർ ശ്രദ്ധേയരായത്. രഹസ്യ മുറികളിൽ കയറ്റി സ്ത്രീകളെ മാത്രം ചികിത്സിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. തെക്കൻ കേരളത്തിൽ നിന്നു പോലും ഇവരെ കുറിച്ചുള്ള പ്രചരണങ്ങൾ വിശ്വസിച്ച് രോഗികൾ എത്തുന്നുമുണ്ട്.

ചെറുവത്തൂർ ഭരണസമിതിക്ക്

നാളെ പൗരാവലിയുടെ ആദരം

ചെറുവത്തൂർ: പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ചെറുവത്തൂർ ഭരണസമിതിയെയും ജീവനക്കാരെയും പൗരാവലി നാളെ ആദരിക്കും. രണ്ടാം തവണയാണ് ചെറുവത്തൂർ സ്വരാജ് ട്രോഫി സ്വന്തമാക്കുന്നത്.

കേന്ദ്ര-സംസ്ഥാന പദ്ധതിയിലൂടെ ലഭിച്ച തുകയെല്ലാം വിനിയോഗിക്കാൻ ഭരണ സമിതിയ്ക്ക് സാധിച്ചിരുന്നു. നികുതിയും പൂർണമായി പിരിച്ചെടുക്കാനും കഴിഞ്ഞു. പൗരാവലിയുടെ ആദര സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പി. കരുണാകരൻ എം.പി. ഉപഹാരം സമർപ്പിക്കും. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രണ്ടാം തവണയും മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.വി. പ്രഭാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കുഞ്ഞിരാമൻ, എം. നാരായണൻ, മലപ്പിൽ സുകുമാരൻ, മുനമ്പത്ത് ഗോവിന്ദൻ, സി. കാർത്ത്യായണി എന്നിവരേയും ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി തുടങ്ങിയവരും പങ്കെടുക്കും. വൈകീട്ട് നാലിന് ചെറുവത്തൂർ മേൽപാലം കേന്ദ്രീകരിച്ച് ഘോഷയാത്ര സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ മുനമ്പത്ത് ഗോവിന്ദൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, ടി. രാജൻ, മുകേഷ് ബാലകൃഷ്ണൻ, കെ.കെ.കുമാരൻ, എ.കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.