മാഹി :പൂർവ്വഗാമികളുടെ ഹൃദയം കവർന്ന മനോഹരമായ അഴീമുഖ നഗരത്തിന്റെ മാസ്മരിക വശ്യതയിൽ അവർ മതിമറന്നു. 233 വർഷക്കാലം തങ്ങളുടെ നാടിന്റെ ഭാഗമായിരുന്ന മണ്ണിന് വന്ന മാറ്റങ്ങളും ചരിത്ര ശേഷിപ്പുകൾ അറിയാനും ഫ്രാൻസിൽ നിന്നും ചരിത്രാന്വേഷകരടങ്ങിയ 21 അംഗ സംഘമാണ് മാഹിയിലെത്തിയത്.
അവശേഷിക്കുന്ന ഇൻഡോഫ്രഞ്ച് സംസ്‌കൃതിയുടെ ശേഷിപ്പുകൾ സന്ദർശകർക്ക് അത്ഭുതം പകർന്നു.കേട്ടും വായിച്ചു മറിഞ്ഞ മയ്യഴിയെന്ന നഗരം അതിലേറെ മനോഹരമാണെന്ന് സംഘത്തലവൻ ഡ്രഗ്ലീസ് ഗ്രേസിയർ ഗവ: ഹൗസിൽ നടന്ന സ്വീകരണ ചടങ്ങിൽ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റരുടെ ചുമതല വഹിക്കുന്ന ഒ.പ്രദീപ്കുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി, ഫ്രഞ്ച് സാഹിത്യകാരൻ തയ്യിൽ സദാനന്ദൻ എന്നിവർ സംസാരിച്ചു.
തങ്ങളുടെ പിതാമഹന്മാർ അന്ത്യവിശ്രമം കൊള്ളുന്ന
ഫ്രഞ്ചുകാരുടെ സെമിത്തേരിയിലുള്ള ശവക്കല്ലറകളിൽ 1893 ൽ മരിച്ച ഫ്രഞ്ച് ആരോഗ്യ വകുപ്പ് മേധാവി അഗസ്റ്റിൻ മോറിസിന്റേയും 1860 ൽ മൺമറഞ്ഞ പോൾ ഷാറിൻഹിലാരി കോവിന്റെയും, 1875 ൽ മാണപ്പെട്ട ജോസഫ് ചോയ്ത്തലി തുടങ്ങിയവരുടെ ഫ്രഞ്ച് മാതൃകയിലുള്ള ശവക്കല്ലറകൾ അതേപടി നിലനിൽക്കുന്നത് കണ്ടപ്പോൾ അവർക്ക് കൗതുകമായി പോർത്തുഗീസുകാരും, ആഗ്ലോ ഇന്ത്യൻ വംശജരുമായ ഒട്ടേറെപ്പേരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശവക്കല്ലറകളും അവർ കണ്ടു.1766 ൽ മരണപ്പെട്ട റൊമിനോപക്കോ എന്ന ഫ്രഞ്ച് സായിപ്പിന്റെ കല്ലറയാണ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ശവക്കല്ലറ.
ഫ്രഞ്ചുകാർ പണിത സെന്റ് തെരസാ ദേവാലയത്തിനകത്തെ ഫ്രഞ്ച് വിപ്ലവനായിക ഴാന്താർക്കിന്റെ പ്രതിമ കണ്ട് സംഘത്തലവൻ ആശ്ചര്യപ്പെട്ടു. ലോകത്ത് മറ്റൊരു ആത്മീയാലയത്തിനകത്തും ഒരു ധീര വിപ്ലവകാരിയുടെ ശിൽപ്പം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വിപ്ലവ സ്മാരകമായ 'മറിയന്ന് 'പ്രതിമയും, മൂപ്പൻ സായ് വിന്റെ ശിൽപ്പ ചാതുരിയാർന്ന ബംഗ്ലാവും, കടലോരത്തെ രക്ഷാമാർഗ്ഗമായ രഹസ്യഗുഹയും, മാളിയേമ്മൽകുന്നിലെ ഫ്രഞ്ച് കോട്ടയുടെ കവാടവും, ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ കാര്യാലയമായ യൂന്യോം ദ് ഫ്രാൻസേസും', ഫ്രഞ്ച് ഹൈസ്‌ക്കൂളായ കൂർ കോംപ്ലമെന്തേറുമെല്ലാം സംഘത്തിന് കൗതുകം പകർന്നു.
ഫ്രഞ്ച് ഭാഷയോടും, സംസ്‌ക്കാരത്തോടും മയ്യഴിക്കാർക്കുള്ള താൽപ്പര്യം തങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്ന് ഫ്രഞ്ച് കോൺസുലേറ്റിലെ ക്രിസ്റ്റി പറഞ്ഞു. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയർ പുരസ്‌കാരം നേടിയ എം.മുകുന്ദനും ഫ്രഞ്ച് സിനിമയിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായ 'സീസർ ' അവാർഡ് നേടിയ നാരാ കൊല്ലേരിയും മയ്യഴിക്കാരാണെന്ന തിരിച്ചറിവ് തങ്ങൾക്ക് അഭിമാനം പകരുകയാണെന്ന് അവർ പറഞ്ഞു..
ആയിരം വർഷം പഴക്കമുള്ള പൗരാണികമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രവും, വനാന്തരീക്ഷവും സംഘം സന്ദർശിച്ചു.. പാരീസിലെ മ്യൂസിയത്തിൽ മയ്യഴിയെ സംബന്ധിച്ച അമൂല്യ രേഖകളുണ്ടെന്ന് സംഘാംഗമായ ഴാം സ്‌ക്ലോദ് പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളെക്കുറിച്ച് ഫ്രാൻസിസ് മെൻഡോസയും, നളിനി ചാത്തുവും സംഘത്തോട് വിശദീകരിച്ചു.കോഴിക്കോട് ബീച്ചിൽ ഫ്രഞ്ചുകാർക്കുണ്ടായിരുന്ന സ്ഥലം കൂടി സന്ദർശിച്ചതിന് ശേഷം ബാംഗ്‌ളൂർ വഴി ഫ്രാൻസിലേക്ക് തിരിച്ച് പോകും.
സംസ്ഥാനത്ത് 17 കേന്ദ്രങ്ങൾ നിർമിക്കും
പൊന്ന്യത്ത് ചുഴലി കൊടുങ്കാറ്റ് അഭയകേന്ദ്രത്തിന് തറക്കല്ലിട്ടു
തലശ്ശേരി:ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്ര നിർമാണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ ഭവനനിർമ്മാണ ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. കതിരൂർ വില്ലേജിലെ പൊന്ന്യം സ്രാമ്പിക്കടുത്തുള്ള പദ്ധതി പ്രദേശത്താണ് അഭയകേന്ദ്രത്തിന് തറക്കല്ലിട്ടത്.
ലോകബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു ഏകദേശം 1000 ചതുരശ്രമീറ്ററിൽ മൂന്നു നിലകളിലായി പണിയുന്ന ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തിൽ കുടിവെള്ള സൗകര്യം, ശൗചാലയങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് ദുരന്തകാലത്ത് കഴിയുന്നതിനു വേണ്ടിയുള്ളതാണ് കേന്ദ്രം. ലോകബാങ്കിന്റെ സഹായത്തോടുകൂടിയാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 167.48 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിൽ 17 ഇടങ്ങളിലായി അഭയകേന്ദ്രങ്ങൾ നിർമിക്കാനാണ് പദ്ധതി.
ദുരന്തകാലത്ത് അഭയകേന്ദ്രമായും അല്ലാത്ത സമയങ്ങളിൽ പ്രദേശത്തെ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാനാവും വിധമാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ തുടർപരിപാലനത്തിനു പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷൻ ആയ ഒരു അഭയകേന്ദ്ര പരിപാലനകമ്മിറ്റി രൂപവത്കരിക്കും.
എ .എൻ .ഷംസീർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, തലശ്ശേരി മുൻസിപ്പൽ ചെയർമാൻ സി.കെ. രമേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ഷീബ (കതിരൂർ), എ. കെ. രമ്യ (എരഞ്ഞോളി), ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ടി. ടി. റംല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. സതി, കതിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി. ലീല, പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജർ ബി .അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.
അംഗീകാരനിറവിൽ കുറ്റ്യാട്ടൂർ
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നടത്തി
മയ്യിൽ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ജനസേവന കേന്ദ്രം ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിൽ സദ്ഭരണം നടപ്പിലാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് സേവന പ്രദാനത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ ഐ.എസ്.ഒ 90012015 കൈവരിക്കാൻ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് ചുരുങ്ങിയ സമയത്തിനള്ളിൽ സേവനങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ മനുഷ്യവിഭവം, ഭൗതിക സൗകര്യം, പ്രവർത്തനോത്മുഖ അന്തരീക്ഷം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കുറ്റിയാട്ടൂർ പഞ്ചായത്ത് നടപ്പിലാക്കിയത്. ജീവനക്കാരുടെ കൂട്ടായ്മയായി ക്വാളിറ്റി സർക്കിൾ രൂപീകരിക്കുകയും ഫയൽ സോർട്ടിംഗ് നടത്തി എല്ലാ രേഖകളും ഞൊടിയിടയിൽ ലഭ്യമാക്കത്തക്കവിധത്തിൽ റെക്കോർഡ് റൂം സജ്ജീകരിക്കുകയും ചെയ്തു. ജനാഭിലാഷം അറിയുന്നതിനായി പൗരസർവ്വേ ഫോറം തയ്യാറാക്കി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇതിന് പുറമെ സേവന വിവരങ്ങൾ, പരാതി പരിഹാര സംവിധാനം തുടങ്ങിയ വിവര ബോർഡുകളും ഫ്രണ്ട് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജയിംസ് മാത്യു എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ടി .പി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .വസന്ത കുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ. നാണു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. വി. ബാലകൃഷ്ണൻ , തുടങ്ങിയവർ പങ്കെടുത്തു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മനാഭൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിവി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളേജ് കമ്യൂണിറ്റി കിച്ചന് തറക്കല്ലിട്ടു
പരിയാരം :നാഷണൽ ആയുഷ്മിഷൻ മുഖേന പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന കമ്യൂണിറ്റി കിച്ചന്റെ ശിലാസ്ഥാപനം ടി വി രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. കോളേജിലേക്ക് മൂന്ന് പി.ജി കോഴ്‌സുകൾക്ക് കൂടി സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണെന്ന് എം എൽ എ പറഞ്ഞു. കൂടാതെ 23 തസ്തികകളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ആയുർവേദ കോളേജിലേക്ക് ഒരു ലേഡീസ് ഹോസ്റ്റലും സർക്കാർ അനുവദിച്ചുകഴിഞ്ഞു. അടുത്ത വർഷത്തോടെ കണ്ണ്, ഇഎൻടി ആശുപത്രികളുടെ നിർമ്മാണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
രോഗിയുടെ കൂടെ നിൽക്കുന്ന സഹായികൾക്ക് സ്വയം പാചകം ചെയ്യാൻ സൗകര്യമൊരുക്കുന്നതിനാണ് 25 ലക്ഷം രൂപ ചെലവിൽ കമ്മ്യൂണിറ്റി കിച്ചൺ നിർമ്മിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ടിവി സുധാകരൻ, നാഷണൽ ആയുഷ്മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം സുഭാഷ്, നാഷണൽ ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത് കുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോ. സി ശോഭന, സൂപ്രണ്ട് ഡോ. കെ എൻ അജിത് കുമാർ, പി. ടി .എ പ്രസിഡന്റ് കെ പി രമേശൻ, ഡോ. വി ജി മിനി, ഡോ. കെ പ്രദീപ്, കെ ജയകൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ എസ് കെ ഇന്ദ്രജ്, ഡോ. എസ് സ്‌നേഹ, ഡോ. കെ. ടി. ഷിഫ്‌ന എന്നിവർ പങ്കെടുത്തു.
പ്രസ് ഫോറം വാർഷികം
തളിപ്പറമ്പ്: തളിപ്പറമ്പ പ്രസ്‌ഫോറം നാൽപതാം വാർഷികാഘോഷവും മിനികോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും 12ന് രാവിലെ പത്ത് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. ചടങ്ങിൽ പ്രസ്‌ഫോറം ട്രസ്റ്റിന്റെ ഉദ്ഘാടനം കെ.സി.ജോസഫ് എം.എൽ.എയും സംസ്ഥാന ചലച്ചിത്ര ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് കെ.എം.ഷാജി എം.എൽ.എയും ഉദ്ഘാടനം ചെയ്യും.പി.കെ.ശ്രീമതി എം.പി മുഖ്യാതിഥിയായിരിക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഫോട്ടോ ടി.വി.രാജേഷ് എം.എൽ.എ അനാഛാദനം ചെയ്യും. ജയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ക്ഷേത്രമതിൽ തകർത്തു.
കൂത്തുപറമ്പ്: കൈതേരിക്കടുത്ത ആറങ്ങാട്ടേരി മുത്തപ്പൻ മടപ്പുരയിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ക്ഷേത്രത്തോടനുബന്ധിച്ച് നിർമ്മിച്ച ചുറ്റുമതിൽ സാമൂഹ്യ ദ്രോഹികൾ തകർത്തു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ആറങ്ങാട്ടേരി ബഡ്‌സ് സ്‌കൂളിന് സമീപത്തുള്ള മുത്തപ്പൻ മടപ്പുരയിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം നടന്നത്.
കഴിഞ്ഞ ദിവസം നിർമിച്ച ചുറ്റുമതിൽ ഒരു സംഘം തകർക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് കെട്ടിയിരുന്ന 20 മീറ്ററോളം മതിലാണ് തകർത്തിട്ടുള്ളത്. നാട്ടുകാരുടെ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര സംരക്ഷണത്തിന്റെ ഭാഗമായുള്ള മതിൽ നിർമ്മാണം. നിർമ്മാണം പൂർത്തിയായി വരുന്നതിനിടയിലാണ് ക്ഷേത്രമതിൽ തകർത്തിട്ടുള്ളത്. അടുത്ത മാസം ആദ്യവാരം നടക്കുന്ന തിരുവപ്പന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ക്ഷേത്രത്തിന് നേരെയുള്ള അതിക്രമം. കമ്മറ്റി ഭാരവാഹികൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിമാന ഇന്ധനം നിറച്ച ടാങ്കർലോറിയിൽ കാറിടിച്ചു
തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം
കൂത്തുപറമ്പ് :തൊക്കിലങ്ങാടിയിൽ എറണാകുളത്തു നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് വിമാന ഇന്ധനവുമായി (എവിയേഷൻ ഫ്യൂൽ) പോകുകായിയരുന്ന ടാങ്കർ ലോറിയിൽ കാറിടിച്ചത് വൻദുരന്തഭീഷണിയ്ക്കിടയാക്കിയെങ്കിലും തലനാരിഴയ്ക്ക് ഒഴിവായി. സാന്ദ്രത കുറഞ്ഞ ഇന്ധനത്തിന് തീപിടിക്കാനുള്ള സാദ്ധ്യതയാണുള്ളത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരിലൊരാൾ മരിച്ചിരുന്നു. നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ശക്തിയിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. ടാങ്കറിന്റെ മുൻ ഭാഗത്തും കേട് പറ്റിയെങ്കിലും ഇന്ധനചോർച്ച ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തായി എസ്.ബി.ഐ. ശാഖയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഹൈടെൻഷൻ ലൈനിന് സമീപത്താണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ എത്തിയ ഫയർഫോഴ്‌സും പൊലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഉടൻ തന്നെ സമീപത്തെ കടകൾ അടപ്പിച്ച പൊലീസ് സമീപത്ത് മൊബൈൽ ഫോൺ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതും വിലക്കി. കോഴിക്കോട് നിന്നും മറ്റൊരു ടാങ്കർ എത്തിച്ച് ഇന്ധനം നീക്കം ചെയ്ത ശേഷമാണ് അപകട ഭീതി ഒഴിവായത്.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്
മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ കാർ നിയന്ത്രണം വിട്ട് മറഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.കൊടുവള്ളിയിലെ പുക്കാട്ട് കുറായിൽ മുനീറ (35), ആനീഷ് (17), ആശ്മിൽ (5) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് വികസനം
ഇരിട്ടി ടൗണിലേതടക്കം പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാക്കും
ഇരിട്ടി: തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായുള്ള മുഴുവൻ നിർമ്മാണ പ്രവ്യത്തികളും ഏപ്രിൽ 30നുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. ഇരിട്ടി ടൗണിൽ മുടങ്ങി കിടക്കുന്ന പ്രവ്യത്തി നാളെ പുനരാരംഭിക്കും. നഗരത്തിൽ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഓവുചാൽ സയമബന്ധിതമായി പൂർത്തിയാക്കും.
കൈയേറ്റം ഒഴിപ്പിച്ച ഭാഗങ്ങളിൽ ഓവുചാൽ കഴിച്ച് ബാക്കി വരുന്ന ഭാഗങ്ങൾ നടപ്പാതയായി ഉപയോഗപ്പെടുത്താനും സണ്ണിജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചവരോട് വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.പൊളിച്ചു നീക്കാത്ത ഭാഗങ്ങളിലൊഴികെ ഓവുചാൽ നിർമ്മാണം പൂർത്തിയാക്കും.
ശാസ്ത്രീയ നഗരവികസന പദ്ധതിയുടെ രൂപരേഖ യോഗം അംഗീകരിച്ചു. പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രയാസങ്ങൾ പരിഹരിക്കുന്നതിന് വിശദമായ രൂപരേഖ തെയ്യാറാക്കി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ അഭിപ്രായം അറിയുന്നതിന് വീണ്ടും യോഗം ചേരാനും തീരുമാനമായി. ഇരിട്ടി പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീന ഭാഗത്ത് നിർമ്മിക്കുന്ന തൂണിന്റെ പൈലിംഗ് മേയ് മാസത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ യോഗത്തെ അറിയിച്ചു. നഗരത്തിലെ നിർമ്മാണ പ്രവ്യത്തികൾ ഇഴഞ്ഞു നീങ്ങുന്നതിലെ പ്രയാസങ്ങൾ നഗരസഭാ ചെയർമ്മാൻ പി.പി അശോകൻ യോഗത്തിൽ ഉന്നയിച്ചു. പാലം ജംഗ്ഷൻ വീതികൂട്ടുന്നതിന് അധികം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ യോഗത്തെ അറിയിച്ചു.
യോഗത്തിൽ എം.എൽ.എ സണ്ണിജോസഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ പി.പി അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, കെ.എസ്.ടി.പി കൾസട്ടിംഗ് റസിഡന്റ് എൻജിനിയർ പി.വി ശശീധരൻ, ഡി.ആർ.ഇ എ. അജിത്ത്, കെ.എസ്.ടി.പി എൻജിനീയർ കെ.വി സതീശൻ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.