പയ്യന്നൂർ: പുഞ്ചക്കാട് വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി. കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്‌സ് വാക്കുംതല കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു.
തർെന്ന് വിശുദ്ധന്റെ അത്ഭുത രൂപം അടക്കം ചെയ്ത തൃപ്പേടകം തുറന്ന ശേഷം നടത്തിയ ആഘോഷമായ ദിവ്യബലിക്ക് രൂപത മെത്രാൻ പ്രധാന കാർമ്മികത്വം വഹിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന ദിവ്യബലിക്ക് ഫാ. ഷിജോ അബ്രഹാം ,. ഫാ.തോമസ് , ഫാ.ജോസഫ് തണ്ണിത്തോട്ട്, ഫാ.മാർട്ടിൻ രായപ്പൻ, ഫാ.ബെനഡിക്ട് അറയ്ക്കൽ, ഫാ.തോംസൺ കൊറ്റിയത്ത് എന്നിവർ കാർമ്മികത്വം വഹിക്കും.16 ന് രാത്രി ഏഴിന് കലാസന്ധ്യ.ജൂബിലി ദിനമായി ആഘോഷിക്കുന്ന 17 ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ജൂബിലിയേറിയൻമാരായ ഫാ.ജോയി പൈനാടത്ത്, ഫാ.ബെന്നി പൂത്തുറയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. സിസ്റ്റർ ഓട്ടാവിയ, സിസ്റ്റർ സിൽവസ്റ്റർ, സിസ്റ്റർ മേഴ്‌സി സിസ്റ്റർ ഷാന്റി ഫിലിപ്പ് എന്നിവരേയും ജൂബിലി ആഘോഷിക്കുന്ന ദമ്പതികളേയും ആദരിക്കും.ഫാ.ജോസ് മുട്ടത്താൻ വചന സന്ദേശം നൽകും. തിരുനാൾ ജാഗരമായ 18 ന് വൈകുന്നേരം 5.30ന് നടത്തുന്ന ദിവ്യബലിക്ക് നവ വൈദികരായ ഫാ.ലിജോ ജോൺ, ഫാ.ആഷ്‌ലിൻ ആന്റണി, ഫാ. വിപിൻ വില്യം എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. തിരുന്നാൾ ദിനമായ 19 ന് രാവിലെ 10ന് നടക്കുന്ന തിരുനാൾ സമൂഹബലിക്ക് ഫാ.ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും.ഫാ. ജെൻസൺ പുത്തൻവീട്ടിൽ വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണം, നേർച്ചഭക്ഷണ വിതരണം രാത്രി ഏഴിന് ഗാനമേള.
രാധാവിലാസം സ്കൂളിൽ ജൈവവൈവിദ്ധ്യ ഉദ്യാനം
പള്ളിക്കുന്ന്: പരിസ്ഥിതി സൗഹൃദ പഠനത്തിനായി പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്‌കൂളിൽ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമടങ്ങിയ വിപുലമായ ജൈവവൈവിധ്യ ഉദ്യാനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് ഡിവിഷൻ കൗൺസിലർ ടി.കെ.വസന്ത അദ്ധ്യക്ഷത വഹിച്ചു. ഗണിത വിജയം പദ്ധതിയുടെ വിജയ പ്രഖ്യാപനം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ കൃഷ്ണൻ കുറിയ നിർവ്വഹിച്ചു.
പാപ്പിനിശ്ശേരി ബിആർസിയിലെ വി.പി.ശശിധരൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ രതി, പാപ്പിനിശ്ശേരി ബി.പി.ഒ ശിവദാസൻ മാസ്റ്റർ, രാധാവിലാസം യു.പി.സ്‌കൂൾ പ്രധാനാധ്യാപകൻ യു.കെ.ദിവാകരൻ, പി.ടി.എ. പ്രസിഡന്റ് ടി.ജയപ്രകാശ്, വൈസ്‌മെൻസ് ക്ലബ് വെസ്റ്റ് ഇന്ത്യാ റീജണൽ ഡയറക്ടർ ടി.കെ.രമേശ്കുമാർ, സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.ടി.രമേശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്‌കൂൾ അദ്ധ്യപകരായ പി.സജീവൻ സ്വാഗതവും എൻ.പി.യദുനാഥ് നന്ദിയും പറഞ്ഞു.
ആരോഗ്യവകുപ്പ് നിയമനടപടി തുടങ്ങി
അഴീക്കോട് ഗ്രാമപഞ്ചായത്തിൽ കൊതുകുനിർമാർജ്ജന പദ്ധതി അവസാനഘട്ടത്തിൽ
അഴീക്കോട്: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന എന്റെ വീടും... എന്റെ നാടും... ആരോഗ്യസംരക്ഷണ, കൊതുക് നിർമാർജ്ജന പദ്ധതി അവസാനഘട്ടത്തിൽ. പദ്ധതിയുടെ ഭാഗമായി പ്രശ്‌നബാധിത മേഖലയായി കണ്ടെത്തിയ വീടുകളിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നിയമ നടപടികളാരംഭിച്ചു.
പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് അധികൃതർ വീടുകൾ സന്ദർശിച്ചത്. കൊതുക് മുട്ടയിട്ട് പെരുകാനിടയുള്ള സാഹചര്യങ്ങളും മാലിന്യങ്ങൾ വലിച്ചെറിയുന്നതും പൊതുജലാശയങ്ങൾ മലിനപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു. പദ്ധതിയുടെ ഭാഗമായി സർവ്വെയർമാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികളെടുക്കാത്ത വീട്ടുകാർക്കും ക്വാർട്ടേഴ്‌സ് ഉടമകൾക്കും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. പ്രശ്‌നം പരിഹരിക്കാൻ വീട്ടുകാർക്ക് സമയം നൽകിയിട്ടുണ്ടെങ്കിലും അഞ്ചാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് കാര്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വൻതുക പിഴ ഉൾപ്പെടെയുള്ള നടപടികളാണ് വീട്ടുകാരും ക്വാർട്ടേഴ്‌സ് ഉടമകളും നേരിടേണ്ടിവരിക. മാലിന്യം പുഴയിലേക്കും തോട്ടിലേക്കും ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാടക ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ഉടമകളുടെ ഉത്തരവാദിത്വമാണെന്നും അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പഞ്ചായത്തുമായി സഹകരിച്ച് വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളും അടങ്ങുന്ന സ്‌ക്വാഡാണ് വീടുകൾ സന്ദർശിച്ചത്. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ സന്ദർശനം തുടരും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേന്ദ്രൻ, ഇസ്രത്ത് ഷാഹി, ഷീജ, സൗമ്യ, കൃഷ്ണകുമാർ എന്നിവർക്ക് പുറമെ പി.എം. ഷിജു, രതീഷ് കണിയാങ്കണ്ടി, ടി.കെ. മിന്നു, തനൂജ തുടങ്ങിയവരും നേതൃത്വം നൽകി.
ദന്തൽ ക്യാമ്പും ബോധവത്ക്കരണ ക്യാമ്പും
കരിവെള്ളൂർ: കരിവെള്ളൂർ റോട്ടറിയുടെയും ഐ ഡി എ കോസ്റ്റൽ മലബാർ ശാഖയുടേയും സംയുക്താ ഭിമുഖ്യത്തിൽ പരിയാരം ദന്തൽ കോളേജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ പെരളം യു.പി സ്‌കൂളിൽ ദന്തൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പ് റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ.സി.ശ്രീകുമാർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.രാധാമണി മുഖ്യാതിഥിയായി.ഇ.പി ശ ശീധരൻ അധ്യക്ഷം വഹിച്ചു. ഡോ. സപ്ന ശ്രീകമാർ ക്ലാസ് കൈകാര്യം ചെയ്തു..പി.പി.ഭാസ്‌കരൻ, ഡോ. വരുൺ നമ്പ്യാർ ടി.വി.രാധാകൃഷ്ണൻ, പി.ശാലിനി, കെ.പവിത്രൻ കെ.പി.രാകേഷ് എന്നിവർ സംസാരിച്ചു.