jaya
എം.വി. ജയരാജൻ

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി. ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി. ജയരാജൻ വടകര ലോക്‌സഭാ മണ്ഡലം ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം എം.വി. ജയരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 49 ജില്ലാ കമ്മിറ്റി അംഗങ്ങളും 11 ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും ചേർന്ന് ജയരാജനെ ജില്ലാ സെക്രട്ടറിയാക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതായി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അച്ചടക്ക നടപടിക്കുശേഷം സംഘടനയിൽ തിരിച്ചെത്തിയ മുൻ ജില്ലാ സെക്രട്ടറി പി. ശശിയും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. പി. ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ശശിക്ക് നൽകാനും തീരുമാനമായി.

പെരുമാറ്റദൂഷ്യ ആരോപണത്തെ തുടർന്ന് 2011 ലാണ് പി. ശശിയെ മാറ്റി പി. ജയരാജൻ ജില്ലാ സെക്രട്ടറിയായത്. 2011 ജൂലായിൽ ശശിയെ പുറത്താക്കി. സി.പി.എമ്മിൽ ശക്തമായ വിഭാഗീയത നിലനിന്ന സാഹചര്യത്തിലായിരുന്നു നടപടി. ശശിക്കെതിരെ ക്രൈം വാരിക പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ 2016ൽ കുറ്റവിമുക്തനായി. തുടർന്ന് ശശിയെ തലശേരി കോടതി അഭിഭാഷക ബ്രാഞ്ചിൽ ഉൾപ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ ഡെമോക്രാറ്റിക് ലായേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റായി. കേരളത്തിനകത്തും പുറത്തുമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കണ്ണൂർ ആസ്ഥാനമായി ഗ്ളോബൽ ലായേഴ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനവും ശശിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഇതിനിടെ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനാൽ ആ സ്ഥാനത്തേക്ക് ശശിയെ പരിഗണിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം മാത്രമായിരിക്കും ഇത്തരമൊരു തീരുമാനമുണ്ടാകുക. ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി ശശിയായിരുന്നു.