കണ്ണൂർ: നവ മാദ്ധ്യമങ്ങളിൽ സജീവമായ യുവാക്കളെ ചൂണ്ടയിട്ട് പിടിക്കുന്ന ഹണിട്രാപ്പ് സംഘം കണ്ണൂരിലും സജീവമാകുന്നു. ഫ്രീ ക്ലാസിഫൈഡ് സൈറ്റായ ലോക്കാന്റോയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ നവ മാദ്ധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ ദിവസം കയ്യൂർ ഉദയഗിരി സ്വദേശികളായ യുവാക്കളെ കണ്ണൂരിലെത്തിച്ച് തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെട്ട സംഭവത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തെ ഇതര ജില്ലകളിൽ വ്യാപകമായ തട്ടിപ്പാണ് ഇപ്പോൾ കണ്ണൂരിലും സജീവമായത്.

ലോക്കാന്റോ മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചിരുന്ന യുവാക്കൾ ഇതിലെ വുമൺ സ്പീക്കിംഗ് എന്ന ഓപ്ഷൻ സന്ദർശിച്ചിരുന്നു. ഇതിലൂടെ ലഭിച്ച സ്ത്രീകളുടെ ചിത്രങ്ങളും ചാറ്റ് ചെയ്യാനുള്ള സൗകര്യവും സത്യമാണെന്ന് വിശ്വസിച്ചാണ് സംഘത്തിന്റെ കെണിയിൽ പെട്ടത്. സ്ത്രീകളെന്ന വ്യാജേന ചാറ്റിംഗ് നടത്തിയ പുരുഷന്മാരായ സംഘം നേരിൽ കാണാനായി കണ്ണൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

കാറുമായി കണ്ണൂരിലെത്തിയ യുവാക്കളെ ഒരു മാളിലേക്ക് ക്ഷണിക്കുകയും അവിടെയെത്തിയതോടെ നാലുപേർ കാറിലേക്ക് ഇടിച്ചുകയറി തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. പയ്യാമ്പലത്ത് എത്തിച്ച് ഭീഷണിപ്പെടുത്തുകയും ബക്കളത്തെ മുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.

മലപ്പുറത്ത് നേരത്തെ ഒരു മാതാവിനെയും മകളെയും ഇത്തരം ഓൺലൈൻ സൈറ്റുവഴി പെൺവാണിഭത്തിന് ഇരയാക്കിയിരുന്നു. ആലുവയിലെ നിരവധി യുവാക്കളും സമാനമായ കെണിയിൽ അകപ്പെട്ടിട്ടുണ്ട്.

ആകർഷിക്കാൻ വിദ്യാർത്ഥിനികളുടെ

ചിത്രങ്ങളും

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനികളുടെ ഫോട്ടോയും നമ്പറും അനുമതിയില്ലാതെ ഇത്തരം ക്ളാസിഫൈഡ് സൈറ്റിൽ നൽകിയത് പരാതിയായിരുന്നു. ഡേറ്റിംഗ് വെബ്സൈറ്റിലൂടെ യുവാക്കളെ കെണിയിൽ പെടുത്തുന്ന സംഘവും സജീവമായിട്ടുണ്ട്. പല പേരുകളിലായി പ്രവർത്തിക്കുന്ന ചില എസ്കോർട്ട് സർവീസ് ഏജൻസികൾ പെൺവാണിഭ സംഘങ്ങളാണെന്നാണ് അധികൃതർ പറയുന്നു. ആൺവാണിഭ (ഗിഗ്ലോ)വും നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ഇതിനെതിരെ കണ്ണൂരിൽ പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി' ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.