കാഞ്ഞങ്ങാട്: കാസർകോടുള്ള അമ്മത്തൊട്ടിൽ അടുത്ത മാസത്തോടെ ഹൈടെക്കാകും. കുഞ്ഞുമായി അമ്മ എത്തിയാൽ തനിയെ തൊട്ടിൽ തുറന്നു കൊടുക്കുന്നതിനുള്ള സെൻസർ സംവിധാനത്തോടുള്ള സൗകര്യമാണ് കാസർകോട്ട് ഒരുക്കുന്നത്. അരുമക്കുഞ്ഞിനെ ഉപേക്ഷിക്കാൻ വരുന്നവരോട് അരുത് എന്ന സന്ദേശം കേൾപ്പിക്കും. പിന്മാറിയില്ലെങ്കിൽ മാത്രം രണ്ടാമത്തെ വാതിൽ തുറക്കും. കുഞ്ഞിനെ തൊട്ടിലിൽ കിടത്താം. പിന്നെ ഒരു നോക്ക് പോലും കാണാനാകാത്ത വിധം ആ വാതിലുകൾ അടയും. കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങിയാൽ ഉടൻ തന്നെ അലാം മുഴങ്ങും. ഒപ്പം അമ്മത്തൊട്ടിലിൽ ഘടിപ്പിച്ചിട്ടുള്ള കാമറയിലൂടെ ജില്ല കളക്ടർക്കുൾപ്പെടെ അറിയിപ്പ് എത്തും. ഹൈടെക്ക് അമ്മത്തൊട്ടിലിന്റെ സവിശേഷതകൾ ഇവയാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക്ക് പറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ 40 കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടിലിലെത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ. രണ്ടാം സ്ഥാനത്ത് കൊല്ലവും മൂന്നാം സ്ഥാനത്ത് മലപ്പുറവുമാണ്. കഴിഞ്ഞമാസം തിരുവനന്തപുരം അമ്മത്തൊട്ടിൽ ഹൈടെക്കാക്കിയതിന് ശേഷം നാല് കുഞ്ഞുങ്ങളാണെത്തിയത്. ശിശുക്ഷേമ സമിതിയുടെ ചുമതലയിൽ കേരളത്തിലെ അമ്മത്തൊട്ടിൽ പ്രവർത്തനം സജീവമാകുകയാണ്.

അനാഥത്വത്തിന്റെ പേരിൽ ഒരു പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടപ്പെടാൻ പാടില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് അമ്മത്തൊട്ടിൽ പദ്ധതി സർക്കാർ നടപ്പാക്കിലാക്കിയിട്ടുള്ളത്. തൊട്ടിലിൽ എത്തുന്ന കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിക്കുകയും സംരക്ഷിക്കുകയും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ചില സ്ഥലങ്ങളിൽ പൊതുസ്ഥലത്തായതിനാൽ അമ്മമാർക്ക് കുഞ്ഞുങ്ങളെ ആരും കാണാതെ ഉപേക്ഷിച്ചു പോകുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ട്. ഇതൊഴിവാക്കുന്നതിനായി കൂടുതൽ സ്വകാര്യത ലഭിക്കുന്ന സ്ഥലത്തേക്ക് തൊട്ടിൽ മാറ്റി സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി.