തളിപ്പറമ്പ: വാഹനങ്ങളുടെ ഗ്ലാസ് തകർത്തുള്ള മോഷണ പരമ്പര വ്യാപകമായതോടെ ജനങ്ങൾ ആശങ്കയിൽ.
മൂന്ന് മാസത്തിനിടെ സമാനമായ നാലാമത്തെ മോഷണമാണ് തളിപ്പറമ്പിൽ നടന്നത്. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല.
ജനുവരി 17നാണ് മോഷണ പരമ്പരക്ക് തുടക്കമിട്ടത്. തളിപ്പറമ്പിലെ എ.ബി.സി. ഗ്രൂപ്പ് പാർട്ട്ണറും ഏഴാംമൈൽ സ്വദേശിയുമായ തസ്ലിമിന്റെ ഇന്നോവയുടെ പിൻനിരയിലെ ചില്ല് തകർത്ത് സീറ്റിൽ വച്ചിരുന്ന രേഖകൾ അടങ്ങിയ ബാഗ് കവർന്നു. മൂന്ന് ദിവസം മുൻപ് ആലക്കോട് റോഡിലെ സ്വകാര്യ സ്‌കൂളിന് സമീപത്ത് നിന്നും മന്ന സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകർത്ത് സീറ്റിൽ വെച്ച ബാഗടക്കം രണ്ടേകാൽ ലക്ഷം രൂപയും ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയ രേഖകളും കവർന്നു.
കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകർത്ത് മുൻ സീറ്റിലുണ്ടായിരുന്ന ബാഗ് മോഷ്ടിച്ചെങ്കിലും ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്. തളിപ്പറമ്പ ടൗണിലെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഫെബ്രുവരി ഒന്നാം തിയ്യതി പകലാണ് മന്നയിലെ വ്യാപാരി ഉമ്മർ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ല് തകർത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്. തളിപ്പറമ്പ നഗരസഭാ ഓഫീസിന് സമീപത്തെ പള്ളിയിൽ ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിന് എത്തിയതായിരുന്നു ഉമ്മർ കുട്ടി. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നത്. പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കരിങ്കുഴി വി.സി.ബി കം ബ്രിഡ്ജിന്
ഭരണാനുമതിയായി
പയ്യന്നൂർ: കരിങ്കുഴി വി.സി.ബി കം ബ്രിഡ്ജിന് 95 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കാങ്കോൽ ടൗണിൽ നിന്ന് തുടങ്ങുന്ന റോഡിൽ കരിങ്കുഴി ഭാഗത്താണ് പുതിയ വി.സി.ബി കം ബ്രിഡ്ജ് വരുന്നത്. പാലത്തിന് നാലരമീറ്റർ വീതി ഉണ്ടാകും. വി.സി.ബി യാദാർത്ഥ്യമാകുന്നതോടെ കാങ്കോൽ,കാളീശ്വരം, കരിങ്കുഴി പാടശേഖരങ്ങളിലെ 95 ഹെക്ടർ നെൽകൃഷിയ്ക്കും ജലസേചന സൗകര്യമാകും. കാളീശ്വരത്തെ ജനങ്ങൾക്ക് കാങ്കോലിലേക്കുള്ള യാത്രയും സുഗമമാകും.
ബോധവത്കരണ സെമിനാർ
ചെറുപുഴ: എനർജി മാനേജ്‌മെന്റ് സെന്റർ, കേരള സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്‌മെന്റ്, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം അന്നൂർ, പാണ്ടിക്കടവ് ഫാമിലി അസോസിയേഷൻ എന്നിവർ സംയുക്തമായി നടത്തിയ ഊർജ്ജ കിരൺ ഊർജ്ജ സംരക്ഷണ ബോധവത്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ കോളയത്ത് ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്‌മെന്റ് കമ്മിറ്റി റിസോഴ്‌സ് പേഴ്‌സൺ കെ. ശിവപ്രസാദ് ഊർജ്ജ സംരക്ഷണത്തെ പറ്റി സെമിനാർ നടത്തി. പഞ്ചായത്തംഗം ലളിതാ ബാബു, യു.കെ. രാജേഷ്, പി.വി. ബാബു, പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.