കാഞ്ഞങ്ങാട്: കേബിൾ ടി.വിയുടെ കെ.എസ്.ഇ.ബി. പോസ്റ്റ് വാടക 17 രൂപയിൽ നിന്ന് 448 രൂപയായി ഉയർത്തിയത് പിൻവലിക്കുക
റിലയൻസിനോടും കുത്തകകളോടുമുള്ള കെ.എസ്.ഇ.ബി പ്രീണനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ടി.വി.ഓപ്പറേറ്റർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി.കാഞ്ഞങ്ങാട് ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു,
സി.ഒ.എ ജില്ലാ പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹൻ മുഖ്യാതിഥി ആയിരുന്നു സി.പി.എം ജില്ലാ കമ്മിറ്റി മെമ്പർ വി.കെ.രാജൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി വി കുഞ്ഞിരാമൻ, ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി.സത്യനാഥ്, സി.ഒ.എ സംസ്ഥാന സെക്രട്ടറി കെ.സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷൻ സ്വാഗതവും വിനോദ് പുല്ലൂർ നന്ദിയും പറഞ്ഞു.
പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ചിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രഘുനാഥ്, ശ്രീനാരായണൻ, ഷുക്കൂർ കോളിക്കര സി.സി.എൻ ചെയർമാൻ കെ. പ്രദീപ് കുമാർ, ട്രഷറർ സദാശിവൻ, ടി.വി.മോഹനൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ പി.സീതാരാമന് നിവേദനം നൽകി.