മാഹി: കായിക പ്രതിഭയായിരുന്ന സുധാകരൻ മാസ്റ്ററുടെ ചരമദിനം സുധാകരൻ മാസ്റ്റർ ഫുട്‌ബാൾ അക്കാദമി പ്രവർത്തകർ അനുസ്മരിച്ചു. മാഹി കോളേജ് ഗ്രൗണ്ടിൽ കല്ലാട്ട് പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി. അശോക് കുമാർ, കൃപാറാം, പി.കെ. വിജയൻ, പി.കെ. ജയൻ, പി.കെ. വത്സരാജ്, അജയൻ പൂഴിയിൽ, പ്രസന്നൻ വളവിൽ, ഉമേഷ് ബാബു എന്നിവർ സംസാരിച്ചു.
വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു.
മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഓട്ടോറിക്ഷ ഇടിച്ചതാണ് ഒടുവിലെ സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഇന്നോവയുമായി കൂട്ടിയിടിച്ചും ഒരാൾ മരിച്ചിരുന്നു.
ഇറക്കവും വളവുമുള്ള ഇവിടെ വിമാനത്താവളം ആരംഭിച്ചതോടെയാണ് അപകടം പതിവായത്. മട്ടന്നൂർ അഞ്ചരക്കണ്ടി-കണ്ണൂർ റോഡായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. സിഗ്നൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗതയ്ക്കും കുറവില്ല.
വിമാനത്താവളത്തിലേക്ക് റോഡ് നിർമ്മിക്കുമ്പോൾ അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന്റെ ഉയരം കുറയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ചിലർ തടസം നിൽക്കുകയായിരുന്നു.
കോൺഗ്രസ് റോഡ് ഉപരോധിച്ചു
വിമാനത്താവളത്തിലേക്കുള്ള റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോൺഗ്രസ് കീഴല്ലൂർ, മട്ടന്നൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വായന്തോട് കവലയിൽ റോഡ് ഉപരോധിച്ചത്. ഡി.സി.സി. സെക്രട്ടറി വി.ആർ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. എ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.വി. രവീന്ദ്രൻ, കെ.വി. ജയചന്ദ്രൻ, ഒ.കെ. പ്രസാദ്, പി.വി. ധനലക്ഷ്മി, കെ. പ്രശാന്ത്, കെ മനീഷ്, ടി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
സുരക്ഷയ്ക്ക് സിഗ്നലും പൊലീസും
അപകടം പതിവായ ജംഗ്ഷനിൽ 24 മണിക്കൂറും ട്രാഫിക് ഡ്യൂട്ടിയിൽ പൊലീസുകാരെ നിയമിക്കാനും സിഗ്നൽ പ്രവർത്തിപ്പിക്കാനും തീരുമാനം. മന്ത്രി ഇ.പി. ജയരാജൻ, കിയാൽ എം.ഡി വി. തുളസീദാസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കിയാലും പൊതുമരാമത്ത് വകുപ്പും സംയുക്തമായി റോഡിൽ സാങ്കേതിക പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കും.
റബ്ബർ കർഷകരുടെ പൊതുയോഗം
കൊട്ടിയൂർ: കൊട്ടിയൂർ റബ്ബർ ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷകരുടെയും ടാപ്പർമാരുടേയും യോഗം നീണ്ടുനോക്കിയിൽ ഡെവലപ്‌മെന്റ് ഓഫീസർ കെ.വി. ശിവൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോസഫ് നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു. സി.എ. രാജപ്പൻ, ടി. രാമകൃഷ്ണൻ, കെ. ജെയ്‌സൺ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ ചന്ദ്രൻ കർത്ത തുടങ്ങിയവർ സംസാരിച്ചു. ഫീൽഡ് ഓഫീസർ എം.കെ. വിനിൽ ക്ലാസെടുത്തു.
കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ
പാനൂർ: വടകര ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കും.വൈകിട്ട് 4ന് പാനൂർ ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ കന്നോത്ത് അദ്ധ്യക്ഷത വഹിക്കും. എൽ.ഡി.എഫ് നേതാക്കൾ സംസാരിക്കും.
തിറ മഹോത്സവം
ഇരിട്ടി: തന്തോട് മുക്കട്ടി കാവിലെ തിറമഹോത്സവം 19, 20 തീയ്യതികളിൽ നടക്കും. 19ന് രാത്രി ഏഴിന് പെരുമ്പുഴച്ചൻ തിറയാട്ടം, 7.30ന് കാഴ്ച വരവ്, 20ന് ഗുളികൻ, മുക്കട്ടിയമ്മ, ശാസ്തപ്പൻ, മുക്കട്ടിയന്മയുടെ നേർച്ച, തിറ ഉദിരാള ഭഗവതി, രാത്രി ഏഴിന് നില കരിങ്കളിയുടെ തിറ എന്നിവ നടക്കും.