മട്ടന്നൂർ: മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ തകരാറിലായ സർവർ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിച്ചു. ഏഴ് ദിവസമായി ഓഫീസിലെ ഇന്റർനെറ്റ് തകരാറിലായതോടെ ആധാരം തയ്യാറാക്കൽ, കുടിക്കട സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ തുടങ്ങിയവ തടസപ്പെട്ടിരുന്നു. നിരവധി പേർ സർട്ടിഫിക്കറ്റുകൾക്കായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന സമയത്താണ് തുടർച്ചയായി സെർവർ തകരാറിലാകുന്നത്. പകരം സംവിധാനമൊരുക്കാനും അധികൃതർക്ക് സാധിച്ചിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് പുതിയ മോഡം എത്തിക്കണമെങ്കിലും ഇതിന്റെ അഭാവമാണ് പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്തതിന് കാരണം. രേഖകൾ പഴയ രീതിയിൽ എഴുതി തയ്യാറാക്കുന്നുണ്ടെങ്കിലും ദിവസം രണ്ടോ മൂന്നോ രജിസ്‌ട്രേഷനുകൾ മാത്രമേ നടത്താനാകൂ. ഓൺലൈൻ പരിശോധന കൂടാതെ ആധാരത്തിനും സർട്ടിഫിക്കറ്റുകൾക്കും കാലതാമസം നേരിടുന്നത് വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. കെ.വി. ജയചന്ദ്രൻ, എ.കെ. രാജേഷ്, സുരേഷ് മാവില, കെ. മനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.