തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ തീരദേശങ്ങളിൽ വീണ്ടും അനധികൃത മണൽ ഖനനം സജീവമായി. വില്ലേജ്, പഞ്ചായത്ത്, പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഗൗരവത്തിലുള്ള ഇടപെടലുകൾ ഇല്ലാത്തതിനാലാണ് അനധികൃത മണലൂറ്റൽ തകൃതിയായി നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞദിവസം ആയിറ്റിയിൽ നിന്നും മുപ്പതോളം ലോഡ് പൂഴിയാണ് ജില്ലാ കലക്ടർ ഡോ. ഡി. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. നേരത്തെയും കലക്ടർ ഇത്തരത്തിൽ മണൽ പിടിച്ചെടുത്തിരുന്നു. പരിസ്ഥിതിക്ക് വിരുദ്ധമായ ഇത്തരം പ്രവർത്തികൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനായി റവന്യു, പൊലീസ് തുടങ്ങിയ പ്രാദേശിക സംവിധാനങ്ങൾ ഉണ്ടായിട്ടും കലക്ടർ നേരിട്ട് ഇടപെടേണ്ടിവരുന്നത് എന്തുകൊണ്ടെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ആയിറ്റി, മാച്ചിക്കാട് മേഖലയിലെ മണൽ മറ്റു പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മികച്ചതാണെന്ന് നേരത്തെ സോയിൽ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലെ മണലിന് ഡിമാൻഡ് കൂടുതലുമാണ്. അതുകൊണ്ടാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രിയുടെ മറവിൽ ഇവിടെനിന്നും മണലൂറ്റൽ നടക്കുന്നത്.

അനധികൃത മണലൂറ്റൽ ദുരന്തങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഒരുകുട്ടി മരിച്ചതും രാത്രിയിൽ മണൽ കടത്തു ലോറിയിടിച്ച് ഇടയിലക്കാട്ടിലെ യുവാവ് മരണപ്പെട്ട സംഭവവും ഇതിനുദാഹരണങ്ങളാണ്. മണലെടുക്കുന്ന പ്രദേശങ്ങളിൽ മലയോരത്തുനിന്നും ചരൽ മണ്ണ് കൊണ്ടുവന്നു നികത്തുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനവും പതിവായിട്ടുണ്ട്. പൊതുവെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശത്തു നിന്നുമാണ് മണലൂറ്റൽ നടത്തുന്നത്. ഇതിനു പകരമായി നിക്ഷേപിക്കുന്ന ചരൽ മണ്ണ് ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും കുടിവെള്ളത്തിന്റെ ദൗർലഭ്യത വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് ദൂരവ്യാപകമായ ദുരിതത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.

പിടിച്ചെടുക്കുന്ന മണൽ ലൈഫ് പദ്ധതി

ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണം
അനധികൃതമായി പിടിച്ചെടുക്കുന്ന മണൽ താഴ്ന്ന വരുമാനക്കാർക്ക് അനുവദിക്കപ്പെട്ട ലൈഫ് പദ്ധതിയിൽ വീടുവയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിർമ്മാണ പ്രവൃത്തിക്കായി അവശ്യഘടകമായ പൂഴിക്കായി പലപ്പോഴും സാധാരണക്കാർ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥയുണ്ട്. ചെറിയൊരു തുക ഈടാക്കി ഇത്തരത്തിൽ പിടികൂടുന്ന മണൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നാണ് ആവശ്യം.